തിരുവനന്തപുരം: ഷെയ്ൻ നിഗത്തിന്റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ വിളിച്ച, അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. ഈ മാസം 22 നാണ് യോഗം വിളിച്ചിരുന്നത്. എന്നാൽ അന്ന് യോഗം നടക്കില്ലെന്നാണ് ഭാരവാഹികൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മോഹൻലാൽ സ്ഥലത്തില്ലാത്തതാണ് ഇതിന് കാരണം. യോഗം എന്ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടില്ല.

വിഷയത്തിൽ ചർച്ചകൾക്ക് മുൻകൈയെടുക്കില്ലെന്ന് ഫെഫ്ക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഷെയ്ൻ വിഷയത്തിലെന്നല്ല, സിനിമയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും പ്രശ്‌നപരിഹാരത്തിന് ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, ഷെയ്ൻ വിഷയത്തിൽ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് നേരത്തെ പറഞ്ഞത്.

എല്ലാ സംഘടനകളുടെയും വികാരങ്ങൾ മാനിച്ചായിരിക്കും തീരുമാനമെന്നും മോഹൻലാൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നുമാണ് ഫെഫ്കയുടെ നിലപാട്. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു.