കേരളം മറ്റൊരു പ്രളയഭീതിയില്‍ നില്‍ക്കുമ്പോള്‍ റെക്കോര്‍ഡു ചെയ്തുവച്ച സന്ദേശം മൂലം ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയമാവും നഷ്ടപ്പെടുകയെന്നും ഷെയ്ന്‍ പറയുന്നു. 

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊവിഡ് ബോധവല്‍ക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി നടന്‍ ഷെയ്ന്‍ നിഗം. കേരളം മറ്റൊരു പ്രളയഭീതിയില്‍ നില്‍ക്കുമ്പോള്‍ റെക്കോര്‍ഡു ചെയ്തുവച്ച സന്ദേശം മൂലം ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയമാവും നഷ്ടപ്പെടുകയെന്നും ഷെയ്ന്‍ പറയുന്നു. ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്‍നിന്‍റെ പ്രതികരണം.

"സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്‌തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.."

കേരളത്തെ സംബന്ധിച്ച് ദുരന്ത വാര്‍ത്തകളുടെ തുടര്‍ച്ചയായിരുന്നു ഇന്നത്തെ ദിവസം. ഇതിനകം 17 പേരുടെ മരണത്തിന് ഇടയാക്കിയ ഇടുക്കി രാജമലയിലെ മണ്ണിടിച്ചില്‍ നടന്ന ദിവസം തന്നെയാണ് രാത്രിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ വിമാനാപകടവും സംഭവിക്കുന്നത്. ഈ വാര്‍ത്ത നല്‍കുമ്പോഴുള്ള വിവരമനുസരിച്ച് 16 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്. ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് 1344-ാം നമ്പര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വെയില്‍ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് വീണ വിമാനം രണ്ടായി പിളരുകയായിരുന്നു.