ചെന്നൈ: ബിഹൈൻഡ്‌വുഡ്സിന്‍റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയ്ൻ നിഗത്തിന്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഷെയ്ന്‍ തമിഴ് നടൻ ശിവകാർത്തികേയനിൽ നിന്ന് അവാർഡ് സ്വീകരിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ സദസ്സ് സ്വീകരിച്ചത്. അവാര്‍ഡ് സ്വീകരിച്ച് ഷെയ്ന്‍ നടത്തിയ പ്രസംഗത്തിന് വലിയ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

അവാര്‍ഡ് സ്വീകരിച്ച് ഷെയ്ന്‍ ഇങ്ങനെ പറ‌ഞ്ഞു - ''എന്റെ ഉമ്മക്കും സഹോദരിമാർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും.എ. ആർ. റഹ്മാൻ ഒരിക്കൽ പറഞ്ഞു, 'എല്ലാ പുകഴും ഒരുവൻ ഒരുവൻക്ക്' എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിൻ തെന്‍ഡുൽക്കർ ഒരിക്കൽ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്''

അവതാരകർ ആവശ്യപ്പെട്ടതനുസരിച്ച് തമിഴ് പാട്ടും പാടിയ ശേഷമാണ് ഷെയ്ൻ വേദി വിട്ടത്. വിജയ് ദെവരകോണ്ട അടക്കം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ എല്ലാം എത്തിയ വേദിയാണ് ബിഹൈൻഡ്‌വുഡ്സ് അവാര്‍ഡ്. മുന്‍ വര്‍ഷങ്ങളില്‍ നിവിന്‍പോളി, പൃഥ്വിരാജ് തുടങ്ങിയ നിരവധി മലയാളി താരങ്ങള്‍ ഇവരുടെ അവാര്‍ഡ് വിജയിച്ചിട്ടുണ്ട്.