മലയാളത്തിലെ ഷെഡ്യൂള്‍ തിരക്കുകള്‍ക്കിടെ തമിഴ് സിനിമാ അരങ്ങേറ്റത്തിന് ഷെയ്ന്‍ നിഗം. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും നേടിയ ഒട്ടേറെ ചിത്രങ്ങളുടെ സംവിധായകന്‍ സീനു രാമസാമിയുടെ സിനിമയിലൂടെയാണ് ഷെയ്‌നിന്റെ തമിഴ് അരങ്ങേറ്റം.

ഈ വര്‍ഷം അവസാനമാവും ചിത്രീകരണം ആരംഭിക്കുക. ഈ പ്രോജക്ട് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. 2007ല്‍ 'കൂടല്‍ നഗര്‍' എന്ന സിനിമയിലൂടെയാണ് സീനു രാമസാമിയുടെ സംവിധാന അരങ്ങേറ്റം. വിജയ് സേതുപതിയുടെ ആദ്യ നായകവേഷം അദ്ദേഹത്തിന്റെ 'തേന്‍മേര്‍ക്ക് പരുവക്കാട്ര്' എന്ന ചിത്രത്തിലൂടെ ആയിരുന്നു. മികച്ച തമിഴ് ചിത്രമടക്കം മൂന്ന് ദേശീയ അവാര്‍ഡുകളും നേടി ഈ ചിത്രം. 'ധര്‍മ്മദുരൈ', വരാനിരിക്കുന്ന 'മാമനിതന്‍' എന്നീ ചിത്രങ്ങളും സീനു രാമസാമി-വിജയ് സേതുപതി കൂട്ടുകെട്ടില്‍ ഉള്ളവയാണ്. 

അതേസമയം ഷാജി എന്‍ കരുണിന്റെ 'ഓള്' ആണ് ഷെയ്‌നിന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. ഡിമല്‍ ഡെന്നിസിന്റെ സംവിധാനത്തിലെത്തുന്ന 'വലിയ പെരുന്നാള്‍', ജീവന്‍ ജോജോയുടെ ഉല്ലാസം എന്നിവയാണ് ഷെയ്‌നിന്റേതായി ഇനി തീയേറ്ററുകളില്‍ എത്താനുള്ളത്.