കരിയറില്‍ ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായമണിയാന്‍ നടന്‍ ഷെയ്ന്‍ നിഗം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ സിനിമാജീവിതത്തിലെ പുതിയ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നിര്‍മ്മിക്കാനിരിക്കുന്ന സിനിമകളുടെ പേരും ഷെയ്ന്‍ വെളിപ്പെടുത്തി. സിംഗിള്‍ എന്നും സരമണി കോട്ട എന്നുമാണ് ചിത്രങ്ങളുടെ പേരുകള്‍. ഇന്‍ഡസ്ട്രിയില്‍ നല്ല അനുഭവ പരിചയമുള്ള, പുതുമുഖ സംവിധായകരാണ് ചിത്രങ്ങള്‍ ഒരുക്കുകയെന്നും ഷെയ്ന്‍ പറഞ്ഞു.

അതേസമയം നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാളാണ് ഷെയ്‌നിന്റേതായി അടുത്ത് തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. ഹിമിക ബോസ് ആണ് നായിക. സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകനൊപ്പം തസ്‌റീഖ് അബ്ദുള്‍ സലാം കൂടിചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ മാസം 20നാണ് ഈ ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് രാവിലെയാണ് പുറത്തെത്തിയത്.