കൊച്ചി: കേരളത്തിന്‍റെ സൗന്ദര്യറാണിയായി തിരുവനന്തപുരംകാരി ആൻസി കബീര്‍. 21 സുന്ദരിമാരെ പിന്തള്ളിയാണ് ആൻസി മിസ് കേരളയായത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവര്‍ക്കൊപ്പം റാമ്പില്‍ ചുവടുവെക്കാനായി നടൻ ഷെയ്ൻ നിഗവും എത്തി. കേരളത്തിന്‍റെ അഴകിന്‍റെ റാണിയാകാൻ റാംപില് ചുവടുവെച്ചത് 22 പേരാണ്.  ആദ്യ റൗണ്ടില്‍ കണ്ടംപററി സ്റ്റൈല്‍ ഔട്ട്ഫിറ്റുകളുമായി മത്സരാര്‍ത്ഥികള്‍ എത്തി.

രണ്ടാം റൗണ്ടില്‍ പ്രമുഖ ഫാഷൻ സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീൻ ഒരുക്കിയ ഡിസൈനര്‍ ഗൗണുകളുമായാണ് ക്യാറ്റ് വാക്ക് നടത്തിയത്. മൂന്നാം സെഷനില്‍ പ്രിന്റ് ഡിസൈൻ സാരികളുമായി സുന്ദരിമാര്‍ റാംപിലെത്തി. ഒടുവില്‍ കേരളത്തിന്‍റെ സൗന്ദര്യ റാണിയായത് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ആൻസി കബീര്‍. ഇൻഫോസിസില്‍ സിസ്റ്റം എൻജിനീയറാണ് ഈ 23കാരി.

ഫസ്റ്റ് റണ്ണറപ്പായി ചാലക്കുടി സ്വദേശിയും ആയുര്‍വേദ ഡോക്ടറുമായി അൻജന ഷാജൻ.  തലശ്ശേരിക്കാരി അൻജന വേണു സെക്കന്റ് റണ്ണറപ്പ്.  മൂന്ന് പേര്‍ക്കുമൊപ്പമാണ് നടൻ ഷെയ്ൻ നിഗം റാംപിലേക്ക് എത്തിയത്. റാംപില്‍ നിന്ന് കാണികള്‍ക്ക് ഫ്ലെയിംഗ് കിസ്സുകള്‍ നല്‍കിയാണ് ഷെയ്‍ന്‍ നിഗം മടങ്ങിയത്.റാംപിലെ സംഗീതത്തിനൊപ്പം രണ്ട് ചുവട് വക്കാനും ഷെയ്‍ന്‍ മറന്നില്ല. മുൻ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍, പ്രമുഖ നര്‍ത്തകി പാരീസ് ലക്ഷ്മി തുടങ്ങിയവരായിരുന്നു വിധികര്‍കത്താക്കള്‍. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിലായിരുന്നു മിസ് കേരള മത്സരം.

"