Asianet News MalayalamAsianet News Malayalam

'കാന്ത'ന്റെ സംവിധായകന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു, 'ആണ്ടാള്‍'

കാന്തൻ ദ ലവര്‍ ഓഫ് കളറിന്റെ സംവിധായകന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു.

Shareef Easa film Andal
Author
Kannur, First Published Nov 24, 2020, 2:39 PM IST

മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‍കാരം ലഭിച്ച കാന്തൻ ദ ലവര്‍ ഓഫ് കളറിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധേയനാണ് ഷെറിഫ് ഈസ. പുതിയ സിനിമയുമായി എത്തുകയാണ് ഷെറീഫ് ഈസ. സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ഷെറിഫ് ഈസ തന്നെയാണ് അറിയിച്ചത്. ആണ്ടാള്‍ എന്ന് പേരുള്ള സിനിമയുടെ  ചിത്രീകരണം നാളെ മുതല്‍ ഗവിയിലായിരിക്കും.  ഇര്‍ഷാദ് അലി, അബിജ, ധന്യ അനന്യ, സാദിഖ് തുടങ്ങിയവര്‍ക്കൊപ്പം ശീലങ്കന്‍ തമിഴരും ചിത്രത്തില്‍ വേഷമിടുന്നു. പ്രമോദ് കൂവേരി രചന നിര്‍വ്വഹിക്കുന്നു.

കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം ഇന്ന് ജീവിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥപറയുന്ന സിനിമയാണ് ആണ്ടാള്‍. ആയിരത്തി എണ്ണൂറുകളില്‍ ബ്രീട്ടീഷുകാര്‍ ശ്രീലങ്കയിലേക്ക് തോട്ടംതൊഴിലിനായി കൊണ്ടുപോയ തമിഴരെ 1964ല്‍ ശാസ്ത്രി-സിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം മൂന്ന് തലമുറക്ക് ശേഷം കൈമാറ്റം ചെയ്‍തു. കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും അവരെ കൂട്ടത്തോടെ പുനരധിവസിച്ചു. കാടിനോടും പ്രതികൂല ജീവിത ആവാസവ്യവസ്ഥകളോടും പൊരുതി അവര്‍ അതിജീവിച്ചു. അപര്യാപ്‍തമായ പരിഗണനങ്ങള്‍ക്കപ്പുറത്ത് സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജനിച്ചുകളിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് ആണ്ടാള്‍ പറയുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്‌നങ്ങള്‍ തൊട്ട് എല്‍ടിടിഇയും രാജീവ്ഗാന്ധിവധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകത്തെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതത്തിന്റെ അനുരണനങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നുവെന്ന് ചിത്രം പറയുന്നു. ധനുഷ്കോടിയും ശ്രീലങ്കയുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.

എന്റെ ആദ്യ ചിത്രമായ കാന്തൻ - ദ ലവർ ഓഫ് കളറിൽ ഒപ്പമുണ്ടായവരെ കൂടെ നിർത്തിക്കൊണ്ട് തന്നെയാണ് ഈ സിനിമയും ചെയ്യുന്നതെന്ന് ഷെറിഫ് ഈസ പറയുന്നു.

ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം സ്വന്തമാക്കിയ സംവിധായകനാണ് ഷെറിഫ് ഈസ.

Follow Us:
Download App:
  • android
  • ios