കുറേ ചെറുപ്പക്കാർ ഇപ്പോൾ സമയത്തു ലൊക്കേഷനിൽ എത്താറില്ല എന്നത് സത്യം ആണ് എന്നും പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷിബു ജി സുശീലൻ.

സുശാന്ത് സിംഗ് രാജ്‍പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്ക് എന്താണ് കാരണം എന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. പക്ഷേ താരങ്ങളടക്കമുള്ളവര്‍ സുശാന്ത് സിംഗ് വേര്‍തിരിവ് നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. വലിയ വിവാദമാകുകയുമാണ് ആരോപണങ്ങള്‍. അതേസമയം മലയാള സിനിമയില്‍ വളര്‍ന്നുവരുന്നവനെ മുളയിലെ നുള്ളാൻ കൂടിയാലോചിക്കുന്ന സംഘമുണ്ടെന്ന് വ്യക്തമാക്കി നീരജ് മാധവ് രംഗത്ത് എത്തിയിരുന്നു. മലയാള സിനിമയിലും വേര്‍തിരിവുണ്ടെന്നാണ് നീരജ് മാധവ് പറയുന്നത്. അതേസമയം നീരജ് മാധവൻ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നാണ് പ്രൊഡക്ഷൻ കണ്‍ട്രോളറായ ഷിബു ജി സുശീലൻ പറയുന്നത്.

ഷിബു ജി സുശീലന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

മലയാള സിനിമയിൽ മുളയിലേ നുള്ളുന്ന ഒരു രീതിയും നിലവിൽ ഇല്ല എന്നതിന് തെളിവ് ആണ് ഇപ്പോൾ കഴിവുള്ള കുറേപേരുടെ സജീവ സാന്നിധ്യം. ഒരു പുതിയ ആർടിസ്റ്റ് ആയാലും മറ്റ് ടെക്‌നീഷ്യൻ ആയാലും, വരുമ്പോൾ തന്നെ അവർക്ക് മുൻ നിരയിൽ ഉള്ളവർക്ക് കൊടുക്കുന്ന സൗകര്യങ്ങൾ കൊടുക്കേണ്ട ഒരു കാര്യവും ഇല്ല. അങ്ങനെ വേണം എന്ന് വിചാരിക്കുന്നത് ശരി അല്ല. വേറെ ഏതു മേഖലയിൽ ആണ് മുന്തിയ പരിഗണന കിട്ടുന്നത്.

അവർ അവരുടെ കഴിവ് തെളിയിച്ചു വരുമ്പോൾ തനിയെ അതെല്ലാം വന്നു ചേരും. അങ്ങനെ തന്നെ ആണ് ഇന്ന് നിലവിൽ ഉള്ളവർ എല്ലാവരും വന്നത്. പുതിയതായി വരുന്നവരോട് സാധാരണ പ്രൊഡക്‌ഷൻ കൺട്രോളർ പറയും ലൊക്കേഷനിൽ വേണ്ട കാര്യങ്ങൾ, അതിൽ അദ്ഭുതം ഒന്നും ഇല്ല.

ഇപ്പോൾ ചിലരുടെ ആഗ്രഹം വരുമ്പോൾ തന്നെ കാരവൻ വേണം, കൂടെ അസിസ്റ്റന്റ് , മേക്കപ്പ് ടീം അങ്ങനെ പലതും. വളരെ തിരക്കുള്ള പലരും ഇതൊക്കെ ഇല്ലാതെയും ഇപ്പോഴും അഭിനയിക്കുന്നുണ്ട്.

സെറ്റിൽ നിന്ന് സെറ്റിലേക്ക് ഓടിക്കൊണ്ടിരുന്ന ജഗതി ചേട്ടനോടൊപ്പം ഒരു സമയത്തും ബാഗ് പിടിക്കാൻ ആരെയും ഞാൻ കണ്ടിട്ടില്ല. പക്ഷേ ചില താരങ്ങൾ അങ്ങനെ അല്ല. ഇതൊക്കെ ഇല്ലെങ്കിൽ എന്തോ ഒരു കുറവ് ആയിട്ട് ആണ് അവരുടെ ഫീലിങ്. ഇതൊക്കെ ഇല്ലാതെ വന്നവർ തന്നെ ആണ് ഇന്നത്തെ സീനിയർസ്.

കുറേ ചെറുപ്പക്കാർ ഇപ്പോൾ സമയത്തു ലൊക്കേഷനിൽ എത്താറില്ല എന്നത് സത്യം ആണ്. ഇവർ കാരണം എന്തെല്ലാം ബുദ്ധിമുട്ട് ആ സെറ്റിൽ ഉണ്ടാകുന്നു എന്ന് ചിന്തിക്കുക. നിർമാതാവിന്റെ അവസ്ഥ. യഥാർത്ഥത്തിൽ ഒരു വിഭാഗം സഹിക്കുക ആണ്. പ്രൊഡക്‌ഷൻ കൺട്രോളർ, മാനേജർമാർ, ഡയറക്ടർ സെക്ഷൻ ഇവർ എല്ലാം കുറെ ന്യൂ ജനറേഷനെ സഹിക്കുക ആണ് ചെയ്യുന്നത്.

പുതിയ താരങ്ങൾ ആയാലും ടെക്‌നിഷ്യൻ ആയാലും സ്വാഭാവികമായും പ്രതിഫലം കുറവ് ആയിരിക്കും. അത് എല്ലാകാലത്തും അങ്ങനെ തന്നെ ആണ്. സീനിയർസ് എല്ലാവരും പുതിയ ആർടിസ്റ്റിനെയും ടെക്‌നീഷ്യനെയും ഉൾക്കൊള്ളാൻ മനസ്സ് ഉള്ളവർ തന്നെ ആണ്.