രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് ശ്രിയ ശരണ്‍. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നടി. സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും ശ്രിയ ശരണിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ശ്രിയ ശരണ്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. തിരിച്ചുവരവിലെ സണ്ടക്കാരി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് പുതിയ വാര്‍ത്ത.

ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തില്‍ വെച്ച് സണ്ടക്കാരിയുടെ ഒരു പ്രധാന രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. ഷൂട്ടിംഗിനിടെ നടി വിമാനത്താവളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥലത്ത് കയറി. അപ്പോള്‍ത്തന്നെ തോക്കുധാരികളായ പൊലീസ് ഉദ്യോഗസ്ഥര്‍ വളയുകയും ചോദ്യം ചെയ്യുകയും ചെയ്‍തു. വേണ്ട രേഖകളില്ലാതെ എങ്ങനെ അവിടെ പ്രവേശിച്ചുവെന്ന് അവര്‍ ആരായുകയായിരുന്നു. സിനിമയിലെ സഹതാരം വിമല്‍ സംഭവം കണ്ട് ശ്രിയ ശരണിന്റെയുടത്തേയ്‍ക്ക് എത്തി. വേണ്ട രേഖകള്‍ കാണിക്കുകയും ഷൂട്ടിംഗിന് വന്നതാണ് എന്ന അറിയിക്കുകയുമായിരുന്നു. ഒടുവില്‍ ശ്രിയ ശരണ്‍ ക്ഷമ ചോദിക്കുകയും ഷൂട്ടിംഗ് തുടരുകയുമായിരുന്നു.