പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്
സിനിമാ പ്രൊമോഷന്‍ വേദികളിലും അഭിമുഖങ്ങളിലുമൊക്കെ എപ്പോഴും ചിരിക്ക് വകയൊരുക്കാറുള്ള നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന്‍റെ അഭിമുഖ വീഡിയോകള്‍ക്ക് എപ്പോഴും കാണികള്‍ കൂടുന്നതിന്‍റെ കാരണവും ഇതുതന്നെ. ഇന്നലെ നടന്ന പ്രിന്‍സ് ആന്‍ഡ് ഫാമിലി സിനിമയുടെ പ്രസ് മീറ്റിലും തഗ് ഡയലോഗുകളുമായി നിറഞ്ഞുനിന്നിരുന്നു ധ്യാന്‍. സഹതാരങ്ങളെ തമാശയ്ക്ക് കളിയാക്കിക്കൊണ്ടുള്ളതായിരുന്നു അതില്‍ പലതും. അതിലൊന്ന് ഒരു സീന്‍ എടുക്കുന്നതിന് മുന്‍പ് ദിലീപും സിദ്ദിഖും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചുമായിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇതേക്കുറിച്ച് ചോദ്യം വന്നതോടെ ധ്യാനിന്‍റെ തമാശയ്ക്ക് ഗൗരവത്തില്‍ സിദ്ദിഖ് മറുപടി പറഞ്ഞു.
സീന്‍ എടുക്കുന്നതിന് മുന്‍പ് ദിലീപും സിദ്ദിഖും അതില്‍ ചേര്‍ക്കേണ്ട തമാശകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് പൊട്ടിച്ചിരിക്കുന്നത് കാണാറുണ്ടായിരുന്നെന്നും എന്നാല്‍ ആക്ഷന്‍ പറയുന്നതിന് മുന്‍പ് സംവിധായകന്‍ ബിന്‍റോ സ്റ്റീഫന്‍ ആ നിര്‍ദേശം തള്ളിക്കളയുന്നതാണ് കണ്ടിരുന്നതെന്നുമാണ് ധ്യാന്‍ പറഞ്ഞത്. പൊട്ടിച്ചിരിച്ചുകൊണ്ടാണ് ധ്യാന്‍ ഇത് പറഞ്ഞത്. ചിരിയില്‍ ധ്യാനിനൊപ്പം സദസ്സും കൂടി. എന്നാല്‍ ഇതേക്കുറിച്ച് പിന്നീട് ചോദ്യം വന്നപ്പോള്‍ തന്‍റെ അഭിനയ രീതികളെക്കുറിച്ച് സിദ്ദിഖ് ഗൗരവം ചോരാതെ മറുപടി പറഞ്ഞു.
"ഞാനും ദിലീപും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ല, ഞങ്ങള്‍ മറ്റ് സഹതാരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴും ഒരു സീന്‍ കിട്ടിക്കഴിഞ്ഞാല്‍ പരമാവധി ഇംപ്രൊവൈസ് ചെയ്യാന്‍ ശ്രമിക്കും. അത് ഹ്യൂമര്‍ മാത്രമല്ല, പല കാര്യങ്ങളും നമ്മള്‍ അങ്ങനെ ചെയ്യാറുണ്ട്. ഷാരിസിനോടും ബിന്‍റോയോടും ചോദിച്ചാല്‍ അറിയാം. അത് ദിലീപും ഞാനുമൊക്കെ സ്ഥിരം ചെയ്യുന്നതാണ്. ഷാരിസും ബിന്‍റോയും വന്നിട്ട് അത് വേണ്ട എന്ന് പറഞ്ഞത് ഇവന്‍ (ധ്യാന്‍) എപ്പോള്‍ കേട്ടു എന്നതാണ് എനിക്ക് മനസിലാവാത്തത്. അത് വേണ്ട എന്ന് പറഞ്ഞിട്ടില്ല അവര്‍. ഒരു കഥാപാത്രത്തിന്‍റെ ചട്ടക്കൂട് മാത്രമാണ് അവര്‍ നമുക്ക് തരുന്നത്. അതിന് മജ്ജയും മാസവും ഒക്കെ വച്ചുപിടിപ്പിച്ച് അതിനൊരു സ്വഭാവം കൊണ്ടുവരേണ്ടത് നമ്മളാണ്. എനിക്കൊരു കഥാപാത്രത്തെ കിട്ടിക്കഴിഞ്ഞാല്‍ ആ കഥാപാത്രം ഏറ്റവും നന്നാവണമെന്ന് ഏറ്റവും ആഗ്രഹിക്കുന്നത് ഞാനാണ്. അതിന്‍റെ സംവിധായകനും തിരക്കഥാകൃത്തിനും എത്രയോ ആളുകളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. എനിക്ക് എന്‍റെ കാര്യം മാത്രം നോക്കിയാല്‍ മതി. കിട്ടുന്നതില്‍ തൃപ്തനാവാതെ അതിനെ കൂടുതല്‍ കൂടുതല്‍ നന്നാക്കാനുള്ള ശ്രമം ഒരുപാട് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണെടാ പത്ത് നാല്‍പത് കൊല്ലമായിട്ട് ഇവിടെ നില്‍ക്കുന്നത്, ധ്യാനെ", സിദ്ദിഖ് മറുപടി പറഞ്ഞു. പറഞ്ഞത് തമാശയാണെന്ന് വിശദീകരിക്കുന്ന ധ്യാനിനെയും അപ്പോള്‍ കാണാമായിരുന്നു.