Asianet News Malayalam

'നാല് ദിവസം കൊണ്ട് വ്യാജപതിപ്പ് ഡൗണ്‍ലോഡ് ചെയ്‍തത് 45,000 പേര്‍', സൈബര്‍ സെല്ലിനെ സമീപിച്ച് സംവിധായിക

മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളില്‍ 'പേ പെര്‍ വ്യൂ' രീതിയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നേരായ വഴിയില്‍ കണ്ടത് ആയിരത്തിലധികം പ്രേക്ഷകരാണെങ്കില്‍ നാല് ദിവസം കൊണ്ട് വ്യാജപതിപ്പുകളുടെ 44 ലിങ്കുകളില്‍ നിന്ന് 45,000ല്‍ അധികം ഡൗണ്‍ലോഡുകള്‍ നടന്നതായി സംവിധായിക ആശാപ്രഭ

sidharthan enna njan director ashaprabha complaint of piracy take up by cyber cell
Author
Thiruvananthapuram, First Published May 18, 2021, 9:02 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് കാലത്ത് മലയാള സിനിമയുടെ മുന്നില്‍ തുറന്ന ഒരു ആശ്വാസവഴിയാണ് ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകള്‍. ഒരു വര്‍ഷത്തോളം തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് ആദ്യ തരംഗത്തിന്‍റെ കാലത്താണ് പതിയെ ആണെങ്കിലും ഒടിടി ലോകത്തിലേക്ക് മലയാള സിനിമയ്ക്കും കൂടുതല്‍ പ്രവേശനം ലഭിച്ചത്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ നേരത്തെ ആരംഭിച്ച ഡയറക്റ്റ് ഒടിടി റിലീസ് രീതിയിലേക്ക് പിന്നാലെ വേറെയും ചിത്രങ്ങള്‍ എത്തി. കൂടാതെ തിയറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ച സിനിമകള്‍ക്ക് സാറ്റലൈറ്റ് അല്ലാതെ മറ്റൊരു വരുമാനമാര്‍ഗ്ഗം കൂടിയായി ഒടിടി. ഒടിടി എന്നാല്‍ ആമസോണ്‍ പ്രൈമും നെറ്റ്ഫ്ളിക്സും മാത്രമായിരുന്ന കാലത്തുനിന്ന് പ്രാദേശിക ഒടിടികളുടെ വരവിലേക്കും സമീപകാലം സാക്ഷ്യം വഹിച്ചു. 'പേ പെര്‍ വ്യൂ' രീതിയില്‍ ചെറിയ സിനിമകളും പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള വഴി തെളിഞ്ഞു. എന്നാല്‍ അവിടെയും നിര്‍മ്മാതാക്കള്‍ക്ക് ഭീഷണിയാവുകയാണ് ആദ്യ പ്രദര്‍ശനത്തിനു ശേഷം ടെലിഗ്രാമില്‍ എത്തുന്ന വ്യാജ പതിപ്പുകള്‍. ഇതേ ദുരനുഭവത്തിന്‍റെ കഥയാണ് 'സിദ്ധാര്‍ഥന്‍ എന്ന ഞാന്‍' എന്ന സിനിമയുടെ സംവിധായികയും നിര്‍മ്മാതാവുമായ ആശാപ്രഭയ്ക്ക് പറയാനുള്ളത്. മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളില്‍ 'പേ പെര്‍ വ്യൂ' രീതിയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നേരായ വഴിയില്‍ കണ്ടത് ആയിരത്തിലധികം പ്രേക്ഷകരാണെങ്കില്‍ നാല് ദിവസം കൊണ്ട് വ്യാജപതിപ്പുകളുടെ 44 ലിങ്കുകളില്‍ നിന്ന് 45,000ല്‍ അധികം ഡൗണ്‍ലോഡുകള്‍ നടന്നതായി അവര്‍ പറയുന്നു. അതേസമയം സൈബര്‍ സെല്ലില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും.

നിരാശ പങ്കുവച്ച പോസ്റ്റിനു താഴെ എത്തിയ ഭീഷണി

"പേ പെര്‍ വ്യൂ മാതൃകയില്‍ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളില്‍ 13-ാം തീയതിയാണ് ചിത്രം റിലീസ് ചെയ്തത്. ഇതൊരു ചെറിയ സിനിമയായതിനാല്‍ ടെലിഗ്രാമിലൊന്നും വരില്ലെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമ ടെലിഗ്രാമില്‍ എത്തിയെന്ന് അറിഞ്ഞത്. അപ്പോള്‍ത്തന്നെ ഐടി സെല്ലിന് ഇ മെയില്‍ വഴി ഒരു പരാതി അയച്ചു. ഐടി സെല്‍ ആണ് സൈബര്‍ സെല്ലിന് വിട്ടത്. എന്‍റെ സങ്കടം പങ്കുവച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്തയാക്കിയിരുന്നു. അതിനു താഴെത്തന്നെ ഒരു ടെലിഗ്രാം ചാനലിന്‍റെ ലിങ്കുമായി ഒരാള്‍ എത്തി. ഈ സിനിമ മാത്രമല്ലെന്നും നായാട്ട്, നിഴല്‍, ജാവ, ബിരിയാണി തുടങ്ങി ഏത് പുതിയ സിനിമയ്ക്കും ഈ ലിങ്കില്‍ വന്നാല്‍ മതിയെന്നും പറഞ്ഞായിരുന്നു കമന്‍റ്. ഈ സ്ക്രീന്‍ ഷോട്ട് സൈബര്‍ സെല്ലിന് കൈമാറി, ഒരു മണിക്കൂറിനുള്ളില്‍ അവര്‍ കമന്‍റ് ഇട്ടയാളെ പിടികൂടി. 20 വയസുള്ള ഒരു പയ്യനായിരുന്നു അത്. കോപ്പിറൈറ്റ് ആക്റ്റ് പ്രകാരം നോണ്‍ബെയ്‍ലബിള്‍ ഒഫെന്‍സ് ആണ് ഇത്. എന്‍റെ ഉടമസ്ഥാവകാശത്തിന് ഞാനിടുന്ന വില, അത് കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ. പക്ഷേ ഇത് 20 വയസുള്ള ഒരു പയ്യന്‍ ആയതുകൊണ്ടും ഞാനും രണ്ട് ആണ്‍കുട്ടികളുടെ അമ്മ ആയതുകൊണ്ടും അവന്‍റെ കരച്ചില്‍ കണ്ട് ഞാന്‍ പിന്മാറുകയായിരുന്നു. അവന്‍ ക്ഷമ ചോദിച്ച് ഒരു പോസ്റ്റ് ഇട്ടു. ലിങ്കുകളൊക്കെ ഡിലീറ്റ് ചെയ്തു. ഇനി മേലാല്‍ ചെയ്യില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ ഒരു തവണത്തേക്ക് ഇളവ് കൊടുക്കാം, തല്‍ക്കാലം നടപടി വേണ്ട എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഞാന്‍ പറഞ്ഞതിനു ശേഷം മാത്രമാണ് സൈബര്‍ സെല്‍ അവനെ വിട്ടയച്ചത്. പുതിയ ലിങ്കുകള്‍ വരുന്നതൊക്കെ അവര്‍ ഡിലീറ്റ് ചെയ്യുന്നുണ്ട്.", ആശാപ്രഭ പറയുന്നു.

'കുറ്റമാണെന്ന് ചെയ്യുന്നവര്‍ അറിയുന്നില്ല'

ടെലിഗ്രാം വഴി വ്യാജ കോപ്പി പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവര്‍ത്തകര്‍ തങ്ങളെ സമീപിക്കുന്നില്ലെന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും ആശാപ്രഭ പറയുന്നു. "ടെലിഗ്രാമില്‍ സിനിമ പ്രചരിപ്പിക്കുന്നവര്‍ക്ക് തങ്ങള്‍ ചെയ്യുന്നത് ഒരു ക്രൈം ആണെന്ന് അറിയില്ല. പക്ഷേ നമ്മുടെ സൈബര്‍ സെല്‍ ഭയങ്കര ആക്റ്റീവ് ആണ്. പക്ഷേ ആരും പരാതി കൊടുക്കുന്നില്ല എന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. പരാതി കൊടുത്താലേ അവര്‍ക്ക് ആക്ഷന്‍ എടുക്കാന്‍ പറ്റൂ. ഞാന്‍ പരാതി കൊടുത്ത് ഒരു മണിക്കൂറിനകം അവര്‍ ആക്ഷന്‍ എടുത്തു. തിരുവനന്തപുരത്തെ സൈബര്‍ സെല്‍ ശരിക്കും ഹൈടെക്ക് ആണ്. സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നത് നോണ്‍ ബെയ്‍ലബിള്‍ ഒഫെന്‍സ് ആണെന്ന് ആളുകള്‍ക്ക് അറിയില്ല. ടെലിഗ്രാമില്‍ വരുന്നത് കാണുന്നതില്‍ എന്താണ് കുഴപ്പമെന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്. അത് അവരുടെ അവകാശം പോലെയാണ്. പടം നല്ലതോ മോശമോ എന്ന് പറയാന്‍ കാണുന്നവര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. ചെയ്യുന്നത് ഉദാത്ത സൃഷ്ടിയാണെന്ന് ഞങ്ങള്‍ പറയുന്നുമില്ല. പക്ഷേ നമ്മള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു കണ്ടന്‍റ് അല്ലേ ഇത്", ആശാപ്രഭ ചോദിക്കുന്നു.

'ഒടിടി റിലീസില്‍ പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷേ'

മഴനൂല്‍ക്കനവുകള്‍, മാന്ത്രികവീണ, യു കാന്‍ ഡു എന്നീ ചിത്രങ്ങള്‍ ഒരുക്കിയ, അന്തരിച്ച സംവിധായകന്‍ നന്ദകുമാര്‍ കാവിലിന്‍റെ ഭാര്യയാണ് കെഎസ്എഫ്‍ഡിസി ജീവനക്കാരി കൂടിയായ ആശാപ്രഭ. നന്ദകുമാറിന്‍റെ കഥയ്ക്ക് ആശാപ്രഭ തന്നെ തിരക്കഥ ഒരുക്കുകയായിരുന്നു. "അദ്ദേഹത്തിന്‍റെ മരണത്തിനു മുന്‍പ് ഞങ്ങള്‍ ചെയ്യാന്‍ വച്ചിരുന്ന കഥയായിരുന്നു ഇത്. തിരക്കഥാ രചന തുടങ്ങിയിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി മരണം സംഭവിക്കുന്നത്. പിന്നീട് തിരക്കഥ പൂര്‍ത്തിയാക്കിയിട്ടും നിര്‍മ്മാതാക്കളെ കണ്ടെത്താനായില്ല. പിന്നീട് അച്ഛന്‍റെ പിന്തുണയോടെ സ്വയം നിര്‍മ്മാണവും ഏറ്റെടുക്കുകയായിരുന്നു. സുഹൃത്തുക്കളും കൂടെനിന്നു. 2018 അവസാനവും 2019 ആദ്യവുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. 2019 മെയ് 17ന് തിയറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കിലും പബ്ലിസിറ്റി കൊടുക്കാന്‍ പറ്റിയില്ല. പിന്നാലെ കൊവിഡ് സാഹചര്യവും വന്നു. സിനിമാനിര്‍മ്മാണം വഴി 24 ലക്ഷത്തിന്‍റെ ബാധ്യത ഇനിയും കൊടുത്തുതീര്‍ക്കാനുണ്ട്. നിങ്ങളെന്താണ് ആമസോണ്‍ പ്രൈമിലോ നെറ്റ്ഫ്ളിക്സിലോ കൊടുക്കാത്തതെന്നാണ് പലരുടെയും ചോദ്യം. എല്ലാ സിനിമകളും അവര്‍ എടുക്കില്ലല്ലോ. ഒടിടിയിലെ പേ പെര്‍ വ്യൂ റിലീസ് വഴി സാമ്പത്തികമായി ആശ്വാസം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ അതിന് വിലങ്ങുതടിയാണ് വ്യാജപതിപ്പുകള്‍", ആശാപ്രഭ പറഞ്ഞുനിര്‍ത്തുന്നു.

Follow Us:
Download App:
  • android
  • ios