ഹോളിവുഡ് ഹിറ്റ് ചിത്രം സിന്നേഴ്‌സ് ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈം വീഡിയോയിലും ബുക്ക് മൈഷോ സ്ട്രീമിലും ചിത്രം കാണാം. എന്നാൽ, ഇന്ത്യയിൽ റെന്‍റ് അടിസ്ഥാനത്തിൽ മാത്രമേ ചിത്രം ലഭ്യമാകൂ.

മുംബൈ: സിന്നേഴ്‌സ് എന്ന് ഹിറ്റ് ഹോളിവുഡ് ചിത്രം ഒടുവില്‍ ഒടിടിയിലേക്ക് എത്തി. ഏപ്രിൽ 18 ന് പുറത്തിറങ്ങിയ മൈക്കൽ ബി. ജോർദാൻ അഭിനയിച്ച ചിത്രം ആഗോള ഹിറ്റായി മാറിയിരുന്നു. നിലവിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടരുമ്പോള്‍ തന്നെയാണ് ഒടിടിയില്‍ എത്തുന്നത്.

സൂപ്പർനാച്ചുറൽ-ഹൊറർ ചിത്രം വലിയ സ്‌ക്രീനിൽ കാണാൻ കഴിയാതെ പോയവർക്ക് അത് കാണാൻ മറ്റൊരു അവസരം നൽകുന്ന ഡിജിറ്റൽ റിലീസ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളായ വാർണർ ബ്രദേഴ്‌സിന്റെ പുതിയ പ്രഖ്യാപനം അനുസരിച്ച്, ജൂൺ 3 ന് സിന്നേഴ്‌സ് ഒടിടി റിലീസ് ചെയ്തിരിക്കുകയാണ്. 

ഇന്ന് മുതൽ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ ഓൺ ഡിമാൻഡ് വഴി സിന്നേഴ്‌സ് ലഭ്യമാകുമെന്ന് പ്രൊഡക്ഷൻ ബാനർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അറിയിച്ചു. ഇന്ത്യയില്‍ അടക്കം ചിത്രം ഇപ്പോള്‍ ഫ്രീയായി ലഭിക്കില്ല. 

ഇന്ത്യയില്‍ പ്രേക്ഷകര്‍ക്ക് സിന്നേഴ്‌സ് ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലും ബുക്ക് മൈഷോ സ്ട്രീമിലും (ബിഎംഎസ് സ്ട്രീം) സ്ട്രീം ചെയ്യാൻ ലഭ്യമാണ്. എന്നാല്‍ റെന്‍റ് അടിസ്ഥാനത്തിലാണ്. ഈ സിനിമ പതിവ് സബ്‌സ്‌ക്രിപ്‌ഷന്റെ ഭാഗമല്ല. രണ്ട് പ്ലാറ്റ്‌ഫോമുകളിലും ഇത് കാണുന്നതിന് കാഴ്ചക്കാർ 499 രൂപ നൽകേണ്ടതുണ്ട്.

അതേ സമയം ഇന്ത്യൻ പ്രേക്ഷകരെ കൂടുതൽ നിരാശപ്പെടുത്തുന്ന കാര്യം, നിലവിൽ രണ്ട് പ്ലാറ്റ്‌ഫോമുകളിലും പ്രാദേശിക ഭാഷാ ഓഡിയോയും, സബ്‌ടൈറ്റിൽ ഓപ്ഷനുകൾ ഇല്ല എന്നതാണെന്ന് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്‍റെ ബ്ലൂറേ പതിപ്പ് അടുത്ത മാസം എട്ടിനാണ് പുറത്തിറങ്ങുന്നത്. 

സിന്നേഴ്‌സിൽ മൈക്കൽ ബി. ജോർദാനെ കൂടാതെ മൈൽസ് കാറ്റൺ, ജാക്ക് ഒ'കോണൽ, വുൻമി മൊസാകു, ജെയ്‌മി ലോസൺ, ഒമർ ബെൻസൺ മില്ലർ, ലി ജുൻ ലി എന്നിവരും അഭിനയിക്കുന്നുണ്ട്. റയാൻ കൂഗ്ലർ സംവിധാനം ചെയ്ത സിന്നേഴ്‌സ് 1932 ലെ മിസിസിപ്പിയില്‍ നടക്കുന്ന കഥയായാണ് ആവിഷ്കരിക്കുന്നത്. മൈക്കൽ ബി. ജോർദാൻ ഇരട്ട വേഷങ്ങളിൽ അഭിനയിക്കുന്നു. കുറ്റവാളികളായ ഇരട്ട സഹോദരന്മാർ അവരുടെ ജന്മനാട്ടിലേക്ക് മടങ്ങുകയും അവിടെ ഒരു നൈറ്റ് ക്ലബ് തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍ ആ രാത്രിയില്‍ വളരെ വിചിത്രമായ ചില കാര്യങ്ങള്‍ നടക്കുന്നു ഇതാണ് ചിത്രത്തിന്‍റെ മൂലകഥ.