ഇന്നലെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

ബോളിവുഡിന് ഇത് എന്ത് പറ്റി? രാജ്യമൊട്ടുക്കുമുള്ള സിനിമാപ്രേമികള്‍ കുറച്ച് വര്‍ഷങ്ങളായി ചര്‍ച്ചകളില്‍ ചോദിക്കുന്ന കാര്യമാണ് ഇത്. കൊവിഡിന് ശേഷം ബോളിവുഡ് വലിയ തകര്‍ച്ച നേരിട്ട കാലത്ത് താര സിംഹാസനങ്ങള്‍ക്കും ഇടിവ് തട്ടിയിരുന്നു. സൂപ്പര്‍താരങ്ങളില്‍ ഷാരൂഖ് ഖാന് മാത്രമാണ് തന്‍റെ താരമൂല്യത്തിന് അനുസരിച്ചുള്ള വിജയം ഇക്കാലയളവില്‍ ലഭിച്ചത്. ഖാന്‍ ത്രയങ്ങളിലെ മറ്റ് രണ്ടുപേര്‍ക്കും അക്ഷയ് കുമാറിനുമൊക്കെ തങ്ങളുടെ പ്രതാപകാലത്തിന് ചേര്‍ന്ന തരത്തിലുള്ള വിജയം പിന്നീട് നേടാനായിട്ടില്ല. ഇവരുടെയൊക്കെ ഓരോ പുതിയ ചിത്രങ്ങള്‍ ഇറങ്ങുമ്പോഴും ആരാധകരും ഒപ്പം ബോളിവുഡ് മൊത്തത്തിലും പ്രതീക്ഷിക്കാറുണ്ട്. താരങ്ങള്‍ തിരിച്ചുവരുമെന്നും അത് മൂലം ഇന്‍ഡസ്ട്രിക്ക് ഗുണമുണ്ടാകുമെന്നും. എന്നാല്‍ അങ്ങനെ സംഭവിക്കുന്നത് വളരെ കുറവാണെന്ന് മാത്രം. എന്നാല്‍ ഏറ്റവുമൊടുവില്‍ പുറത്തെത്തിയിരിക്കുന്ന ആമിര്‍ ഖാന്‍ ചിത്രം സിതാരെ സമീന്‍ പര്‍ ബോളിവുഡിന് ശരിക്കും പ്രതീക്ഷ പകര്‍ന്നിരിക്കുകയാണ്.

2007 ല്‍ പുറത്തെത്തിയ താരെ സമീന്‍ പര്‍ എന്ന ചിത്രത്തിന്‍റെ സ്പിരിച്വല്‍ സക്സസര്‍ ആയി എത്തിയ ചിത്രത്തിന്‍റെ റിലീസ് ഇന്നലെ ആയിരുന്നു. റിലീസിന് മുന്‍പ് പുറത്തെത്തിയ ട്രെയ്‍ലര്‍ കാണികളില്‍ ചിത്രം കാണാനുള്ള താല്‍പര്യം ഉണര്‍ത്തിയിരുന്നു. പഴയ പെര്‍ഫോമര്‍ ആമിര്‍ ഖാനെ വീണ്ടും കാണാനാവുമെന്ന പ്രതീക്ഷയും അത് ഉണര്‍ത്തിയിരുന്നു. അതേസമയം ഇതേപോലെ പ്രതീക്ഷ ഉണര്‍ത്തിയെത്തിയ സമീപകാല ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ നേടിയ പ്രതികരണങ്ങളുടെ ഓര്‍മ്മ ആരാധകരെ അസ്വസ്ഥപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് തെളിയിക്കുകയാണ് ടിക്കറ്റ് വില്‍പ്പനയില്‍ ഈ ചിത്രം.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 25,000 ടിക്കറ്റുകള്‍ക്ക് മുകളിലാണ് ചിത്രം നിലവില്‍ വിറ്റുകൊണ്ടിരിക്കുന്നത്. ഇന്നലെ ഈ സമയത്ത് ഇത് 11,000 റേഞ്ചില്‍ ആയിരുന്നു. ഇന്നലെ ഈ സമയത്ത് അതിനേക്കാള്‍ ടിക്കറ്റ് ബുക്ക് മൈ ഷോയില്‍ വിറ്റിരുന്ന ധനുഷ് ചിത്രം കുബേരയെ നിലവില്‍ സിതാരെ സമീന്‍ പര്‍ പിന്നിലാക്കി എന്നതും കൗതുകം. 20,000 ന് മുകളിലാണ് കുബേരയുടെ ബുക്ക് മൈ ഷോയിലെ മണിക്കൂര്‍ കണക്ക്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ചിത്രം റിലീസ് ദിനത്തില്‍ നേടിയ ആഗോള കളക്ഷന്‍ 13.8 കോടിയാണ്. ശനിയാഴ്ചയും ഞായറാഴ്ചയുമൊക്കെ ഇപ്പോഴത്തെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയില്‍ ചിത്രം വന്‍ നേട്ടം ഉണ്ടാക്കുമെന്നാണ് സൂചന.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News