കൊവിഡ് ഭീതിയില്‍ മാസങ്ങളോളം തീയേറ്ററുകള്‍ അടഞ്ഞുകിടന്ന പശ്ചാത്തലത്തില്‍ വിവിധ ഭാഷകളിലെ സിനിമകള്‍ ഡയറക്ട് ഒടിടി റിലീസിലേക്ക് മാറിയിരുന്നു. ബോളിവുഡില്‍ പല ചിത്രങ്ങളും പോയ മാസങ്ങളില്‍ അത്തരത്തില്‍ എത്തിയിരുന്നെങ്കില്‍ ഏറ്റവും വലിയൊരു ചിത്രം വരാനിരിക്കുന്നതേയുള്ളൂ. അക്ഷയ് കുമാര്‍ നായകനാവുന്ന 'ലക്ഷ്മി ബോംബ്' ആണത്. തമിഴ് ഹൊറര്‍ കോമഡി ചിത്രം 'മുനി 2: കാഞ്ചന'യുടെ റീമേക്ക് ആയ ചിത്രം സംവിധാനം ചെയ്യുന്നത് രാഘവ ലോറന്‍സ് തന്നെയാണ്. ദീപാവലി റിലീസ് ആയി നവംബര്‍ ഒന്‍പതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ റിലീസിന് മൂന്നാഴ്ച മാത്രം ശേഷിക്കെ ട്വിറ്ററില്‍ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി എത്തിയിരിക്കുകയാണ് ചിലര്‍.

രണ്ട് തരം ആരോപണങ്ങളാണ് ചിത്രത്തിനു നേരെ ഉയരുന്നത്. ഹിന്ദു മതവിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നുവെന്നാണ് വിമര്‍ശനം ഉന്നയിക്കുന്ന ഒരു വിഭാഗത്തിന്‍റെ ആരോപണം. 'ബോംബ്' എന്ന വാക്കിനൊപ്പം ഹിന്ദു ദേവതയുടെ പേര് ചേര്‍ത്തുവച്ചത് അപമാനിക്കലാണെന്നാണ് ഇവരുടെ പക്ഷം. ഒപ്പം ചിത്രത്തിലെ നായികാ നായക കഥാപാത്രങ്ങളുടെ പേരുകള്‍ ഉയര്‍ത്തി ചിത്രം 'ലവ് ജിഹാദി'നെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. 'ആസിഫ്' എന്നാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരെന്നാണ് കരുതപ്പെടുന്നത്. നായിക കിയാര അദ്വാനിയുടെ കഥാപാത്രത്തിന്‍റെ പേര് 'പ്രിയ'യെന്നും.

മറ്റൊരു ആരോപണം ട്രാന്‍സ് സമൂഹത്തെ തെറ്റായ രീതിയില്‍ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്. ട്വിറ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിനു പിന്നാലെ ആയിരക്കണക്കിന് ട്വീറ്റുകളാണ് സമാനരീതിയില്‍ ഉണ്ടായത്. #ShameOnUAkshayKumar, #BoycottLaxmmiBomb എന്നീ ഹാഷ് ടാഗുകള്‍ ചിത്രത്തെയും അക്ഷയ് കുമാറിനെയും എതിര്‍ത്ത് സ്ഥാനം പിടിച്ചപ്പോള്‍ അക്ഷയ് കുമാര്‍ ആരാധകര്‍ എതിര്‍ ഹാഷ് ടാഗുമായി രംഗത്തെത്തി. #WeLoveUAkshayKumar എന്ന ടാഗില്‍ നിരവധി ട്വീറ്റുകളുമായി അവരും രംഗത്തെത്തി. ട്വിറ്ററില്‍ ഇപ്പോഴും പോര് തുടരുകയാണ്. 

കിയാര അദ്വാനി നായികയാവുന്ന ചിത്രത്തില്‍ തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണിത്. 13 വര്‍ഷം മുന്‍പാണ് മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ ഒരുക്കിയത്.