മലയിന്‍കീഴ്: നടി മഞ്ജു വാര്യരുടെ സിനിമാ ഷൂട്ടിംഗ് കണ്ടുനിന്ന മകന്‍ അമ്മയെ മറന്നു. പെന്‍ഷന്‍ വിവരം തിരക്കാന്‍ ട്രഷറിയില്‍ അമ്മയോടൊപ്പമെത്തിയ മകനാണ് ഷൂട്ടിംഗ് കണ്ടുനിന്ന് അമ്മയെ മറന്നത്. ഓര്‍മക്കുറവുള്ള അമ്മ മകനെ കാണാതായതോടെ മണിക്കൂറുകള്‍ വലഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. വിളവൂര്‍ക്കാവ് സ്വദേശികളാണ് ഇവര്‍. പെന്‍ഷന്‍ കാര്യം അന്വേഷിക്കാനാണ് ഇരുവരും ട്രഷറിയിലെത്തിയത്. തിരക്കുകാരണം അമ്മയാണ് അകത്തേക്ക് പോയത്. അമ്മ അകത്തു കയറിയപ്പോള്‍ സമീപത്തെ ക്ഷേത്രത്തില്‍ നടക്കുന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ യുവാവ് പോയി.

ആവശ്യം കഴിഞ്ഞ് അമ്മ ഇറങ്ങി ഏറെ നേരം കഴി‌ഞ്ഞിട്ടും മകനെ കണ്ടില്ല. ഫോണും മകന്‍റെ കൈയിലായിരുന്നു. ഏറെ നേരം കാത്തുനിന്ന ശേഷം ഓട്ടോയില്‍ കയറി വീട്ടിലേക്ക് തിരിച്ചു. എന്നാല്‍, വീട് നില്‍ക്കുന്ന സ്ഥലം ഓര്‍ത്തെടുക്കാനായില്ല. ഓട്ടോയില്‍ ഏറെ നേരം കറങ്ങിയ ശേഷം ഡ്രൈവര്‍ മലയിന്‍കീഴ് കരിപ്പൂരിന് സമീപം ഇറക്കിവിട്ടു. 

വഴിയരികില്‍ ഏറെ നേരം നിന്നതോടെ സമീപവാസികള്‍ കാര്യം തിരക്കി എത്തി. പിന്നീട് പൊലീസിനെ അറിയിച്ചു. പൊലീസെത്തി അമ്മയുടെ കൈയിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ മകന്‍റെ ഫോണ്‍ നമ്പര്‍ കിട്ടി. വിളിച്ചപ്പോള്‍ മകന്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരത്ത് ഷൂട്ടിംഗ് കണ്ടുനില്‍ക്കുകയായിരുന്നു. പൊലീസ് മകനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി ഇരുവരെയും തിരിച്ചയച്ചു. പ്രമുഖപത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.