സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'സൂരറൈ പൊട്രു' എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മലയാളി താരം അപര്‍ണ ബാലമുരളി നായികയാവുന്ന ചിത്രമാണിത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ ഇരുധി സുട്രുവിന്‍റെ സംവിധായികയാണ് സുധ കൊങ്കര. ഡോ. എം മോഹന്‍ ബാബു, പരേഷ് റാവല്‍, ഉര്‍വ്വശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണകുമാര്‍, കാളി വെങ്കട് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം നികേത് ബൊമ്മി. സംവിധായികയ്ക്കൊപ്പം ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥ.

നേരത്തെ, ജ്യോതിക നായികയായ പൊന്മകള്‍ വന്താല്‍ എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസ് ആണെന്ന് അറിഞ്ഞതിനു ശേഷം സൂര്യയുടെ ഭാവി സിനിമകള്‍ക്കൊന്നും തങ്ങള്‍ തീയേറ്ററുകള്‍ നല്‍കില്ലെന്ന് തമിഴ്‍നാട്ടിലെ തീയേറ്റര്‍ ഉടമകള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ 2ഡി എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് ആണ് പൊന്മകള്‍ വന്താലിന്‍റെയും സൂരറൈ പൊട്രുവിന്‍റെയും നിര്‍മ്മാണം. പൊന്മകള്‍ വന്താല്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ സൂരറൈ പൊട്രു തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് സൂര്യ പ്രതികരിച്ചത്.