വീഡിയോ പങ്കുവച്ച് സൗഭാഗ്യ
മുത്തശ്ശി വേഷങ്ങളിലൂടെ മലയാളി സിനിമാപ്രേമികളുടെ സ്നേഹം നേടിയ താരമായിരുന്നു ആര്‍ സുബ്ബലക്ഷ്മി. സംഗീതജ്ഞയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമൊക്കെ ആയിരുന്നെങ്കിലും ഭൂരിപക്ഷം മലയാളികള്‍ക്കും സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയാണ് സുബ്ബലക്ഷ്മിയെ പരിചയം. ഇപ്പോഴിതാ തങ്ങളുടെ മുത്തശ്ശി വിടപറഞ്ഞതിന്‍റെ സങ്കടം പങ്കുവച്ചിരിക്കുകയാണ് കലാകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ്.
മുത്തശ്ശിയോടൊപ്പം കളിക്കുന്ന സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയാണ് വീഡിയോയിലുള്ളത്. സുധാപൂ എന്ന് വിളിക്കുന്ന പേരക്കുട്ടിയെ കളിപ്പിക്കുകയാണ് സുബ്ബലക്ഷ്മി. സുദര്‍ശനയ്ക്ക് എട്ടു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ രണ്ട് മാസം മുന്‍പും പതിനഞ്ച് ദിവസം മുന്‍പും ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം വരെയുള്ള ദൃശ്യങ്ങള്‍ ഇതിലുണ്ട്. ഒരേ തരത്തില്‍ അമ്മൂമ്മയ്ക്കൊപ്പം കളിക്കുകയാണ് സുധാപ്പു. എന്നാല്‍ അമ്മൂമ്മയുടെ മരണം അറിയാതെ മൃതദേഹത്തിന് അരികില്‍ നിന്നും സുദര്‍ശന ഇതേ കളിയുമായി നില്‍ക്കുന്നതാണ് സൗഭാഗ്യ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.
സുദര്‍ശനയെ കൊഞ്ചിക്കുന്ന സുബ്ബലക്ഷ്മിയുമുണ്ട് വിഡിയോയില്‍. ആരോഗ്യാവസ്ഥ മോശമായിരുന്ന അവസ്ഥയിലും ആശുപത്രി കിടക്കയിലും മുത്തശ്ശി സുധാപൂവിനെ കൊഞ്ചിക്കുന്ന നിമിഷങ്ങള്‍ ഇതില്‍ കാണാം. നടി താര കല്യാണും അമ്മയുടെ വിയോഗത്തിലെ വേദന പങ്കുവച്ചിരുന്നു. ഈ നഷ്ടത്തിലൂടെ താന്‍ അനാഥയായി എന്നായിരുന്നു താര അമ്മയുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചത്. അമ്മയുടെ വിയോഗത്തില്‍ കൂടെ നിന്നവരോടുള്ള നന്ദിയും താര രേഖപ്പെടുത്തിയിരുന്നു. അമ്മയുടെ വേര്‍പാട് നേരത്തെ പ്രതീക്ഷിച്ചിരുന്നതിനാല്‍ സൗഭാഗ്യയും താരയും അതിനെ അംഗീകരിച്ചിരുന്നു.
ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നര്‍ത്തകിയും നടിയുമായ താര കല്യാണ്‍, വെങ്കിടേഷ് എന്നിവരാണ് സൗഭാഗ്യയുടെ മാതാപിതാക്കള്‍. അര്‍ജുന്‍ സോമശേഖര്‍ ആണ് ഭര്‍ത്താവ്. സൗഭാഗ്യയുടെയും അര്‍ജുന്റെയും വീഡിയോകളും അഭിമുഖങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
