പിന്നണി ഗായകന്‍ എന്ന നിലയ്ക്കായിരുന്നു ആഗോളഖ്യാതിയെങ്കിലും നടനും നിര്‍മ്മാതാവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ഒക്കെയായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. ഇതില്‍ ഏറ്റവും കൗതുകം നിറഞ്ഞ ഒരു പ്രവര്‍ത്തനമേഖല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്‍റേതായിരുന്നു. കമല്‍ ഹാസനെ നായകനാക്കി കെ ബാലചന്ദര്‍ സംവിധാനം ചെയ്‍ത 'മന്മഥ ലീലൈ'യുടെ തെലുങ്ക് പതിപ്പില്‍ കമല്‍ അവതരിപ്പിച്ച നായകനുവേണ്ടിയായിരുന്നു എസ്‍പിബിയുടെ ആദ്യ ഡബ്ബിംഗ്. പല ഭാഷകളിലുമുള്ള സിനിമകളുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പുകളില്‍ രജനീകാന്തിനും വിഷ്ണുവര്‍ധനും സല്‍മാന്‍ ഖാനുമൊക്കെ അദ്ദേഹം ശബ്ദം പകര്‍ന്നെങ്കിലും ഏണ്ണത്തിലേറെ ചിത്രങ്ങള്‍ കമല്‍ ഹാസനുവേണ്ടിയായിരുന്നു. ഇതില്‍ കെ എസ് രവികുമാറിന്‍റെ സംവിധാനത്തില്‍ 2008ല്‍ പുറത്തെത്തിയ ദശാവതാരം തെലുങ്കിലെത്തിയപ്പോള്‍ കമല്‍ അവതരിപ്പിച്ച ഏഴ് കഥാപാത്രങ്ങള്‍ക്കും ശബ്ദം പകര്‍ന്നത് എസ്‍പിബി ആയിരുന്നു. 

ഇപ്പോഴിതാ എസ്‍പിബി എന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്‍റെ പ്രാഗത്ഭ്യത്തിന് ഉദാഹരണമെന്നോണമുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒരു തെലുങ്ക് ടെലിവിഷന്‍ ചാനല്‍ പരിപാടിയില്‍ ദശാവതാരത്തിലെ വിവിധ കഥാപാത്രങ്ങളെ നിമിഷങ്ങളുടെ ഇടവേളകള്‍ക്കിടെ അവതരിപ്പിച്ച് കാണികളെ അത്ഭുതപ്പെടുത്തുന്ന എസ്‍പിബിയെ വീഡിയോയില്‍ കാണാം. കമല്‍ ഹാസന്‍ എന്ന നടനോളുള്ള തന്‍റെ മതിപ്പിനെക്കുറിച്ചും അതില്‍ അദ്ദേഹം പറയുന്നുണ്ട്. "അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുക മനോഹരമായ ഒരു കാര്യമാണ്. എന്‍റെ സഹോദരനാണ് കമല്‍. അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമാണ് എനിക്ക്. അദ്ദേഹത്തെക്കുറിച്ച് ഏറെ അഭിമാനവുമുണ്ട്. കമല്‍ ഹാസന്‍ ഈസ് മൈ മോസ്റ്റ് ഫേവറിറ്റ് ആക്ടര്‍", ഈ ലഘു വീഡിയോയില്‍ എസ് പി ബി പറയുന്നു.