'സ്‍പൈഡര്‍മാൻ നോ വേ ഹോം' ട്രെയിലര്‍ പുറത്തുവിട്ടു.

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്‍പൈഡര്‍മാൻ നോ വേ ഹോം (Spiderman no way home). ടോം ഹോളണ്ട് (Tom Holland) തന്നെയാണ് സ്‍പൈഡര്‍മാനായി വേഷമിടുന്നത്. സ്‍പൈഡര്‍ മാൻ നോ വേ ഹോമിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സ്‍പൈഡര്‍ മാൻ നോ വേ ഹോമിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ജോണ് വാട്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്, എറിക് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു. സ്‍പൈഡര്‍മാന്റെ അതിസാഹസികമായ ജീവിതം തന്നെയാണ് പുതിയ ചിത്രത്തിലും പറയുന്നത്. സ്‍പൈഡര്‍മാന്റെ കാമുകി കഥാപാത്രമായി സ്‍പൈഡര്‍ മാൻ നോ വേ ഹോമിലും സെൻഡേയ തന്നെ എത്തുന്നു.

മാര്‍വല്‍ സ്റ്റുഡിയോസും കൊളംബിയ പിക്ചേഴ്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സോണി പിക്ചേഴ്‍സ് റിലീസിംഗാണ് വിതരണം. സൂപ്പര്‍ ഹീറോ കഥാപാത്രമായ സ്‍പൈഡര്‍മാൻ ഇനി വെള്ളിത്തിരിയിലെത്തുമോയെന്ന് ആരാധകര്‍ക്ക് ഒരിടയ്‍ക്ക് ആശങ്കയുണ്ടായിരുന്നു. സോണിയും മാര്‍വല്‍ സ്റ്റുഡിയോസും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്നായിരുന്നു സ്‍പൈഡര്‍മാന്റെ കാര്യത്തില്‍ ആശങ്കവന്നത്. എന്നാല്‍ ഇരു കമ്പനികളും പുതിയ ധാരണയുണ്ടാക്കിയതോടെയാണ് സ്‍പൈഡര്‍മാൻ വീണ്ടും വരാൻ വഴിയൊരുങ്ങിയത്.

സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം, സ്‍പൈഡര്‍മാൻ- ഹോം കമിംഗ് എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ സ്‍പൈഡര്‍മാൻ സിനിമകള്‍. ഡിസംബര്‍ 17നാണ് സ്‍പൈഡര്‍ മാൻ നോ വേ ഹോം റിലീസ് ചെയ്യുക. ലോകമെമ്പാടും ആരാധകരുള്ള ചിത്രമായതിനാല്‍ ഇന്ത്യൻ പ്രേക്ഷകരും ആകാംക്ഷയോടെ സ്‍പൈഡര്‍ മാൻ നോ വേ ഹോമിനായി ഉറ്റുനോക്കുന്നത്. ടോം ഹോളണ്ട് വീണ്ടും സ്‍പൈഡര്‍മാനായി എത്തുമ്പോള്‍ എന്തൊക്കെയാകും വെള്ളിത്തിരയിലെന്ന് കാത്തിരുന്ന് കാണാം.