ഡബ്ബിംഗ് ആര്‍ടിസ്റ്റായും തിളങ്ങിയ ശ്രീനിവാസൻ.
നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രീനിവാസനെ മലയാളികള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് എന്ന നിലയില്‍ ശ്രീനിവാസനെ എത്ര പേര്‍ക്ക് അറിയാം. അതും സാക്ഷാല്‍ മമ്മൂട്ടിക്ക് വരെ ശബ്‍ദം നല്‍കിയിട്ടുണ്ട് ശ്രീനിവാസൻ എന്നറിയുന്നത് കൗതുകകരമായിരിക്കും. അതും ഒന്നിലധികം സിനിമകള്‍ക്ക്.
കെ ജി ജോര്‍ജ് സംവിധാനം ചെയ്‍ത മേള എന്ന സിനിമയില്‍ മികച്ച കഥാപാത്രമായിരുന്നു മമ്മൂട്ടിക്കും. ആ സിനിമയ്‍ക്ക് മമ്മൂട്ടിയെ കൊണ്ടായിരുന്നില്ല കെ ജി ജോര്‍ജ് ശബ്‍ദം നല്‍കിപ്പിച്ചത്. മമ്മൂട്ടി ഒരു കാലത്ത് ആരാധനോടെ കണ്ടിരുന്ന ശ്രീനിവാസൻ ആയിരുന്നു മമ്മൂട്ടിക്ക് ശബ്‍ദം നല്‍കിയത്. വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‍നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ എന്നീ സിനിമകള്‍ക്കും മമ്മൂട്ടിക്ക് വേണ്ടി ശബ്‍ദം നല്‍കിയിട്ടുണ്ട് ശ്രീനിവാസൻ.
ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്‍ദം നൽകിയിട്ടുണ്ട്. പുല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്‍ദം നൽകിയതും ശ്രീനിവാസനായിരുന്നു.
കണ്ണൂരിലെ പാട്യത്താണ് ശ്രീനിവാസൻ ജനിച്ചത്. സ്‍കൂൾ ജീവിതം കതിരൂർ ഗവ. സ്കൂളിലായിരുന്നു. ശ്രീനിവാസന്ഖെ കലാലയജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിലും. സാമ്പത്തിക ശാസ്ത്രത്തിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്‍തു. പിന്നീട് 1977 ൽ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. രജനികാന്ത് അവിടെ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. 1976 ൽ പി എ ബക്കർ സംവിധാനം ചെയ്‍ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്‍ക്ക് തിരക്കഥ എഴുതി തിരയെഴുത്തിലും അരങ്ങേറി ശ്രീനിവാസൻ. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായ വേഷങ്ങളില്‍ ഇരുന്നൂറോളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു.
