വിവാഹം കഴിഞ്ഞ താരങ്ങളെ ഉന്നംവച്ച് ​ഗർഭിണിയാണെന്ന വാർത്ത പ്രചരിപ്പിക്കുന്നത് മുമ്പും കേട്ടിട്ടുണ്ട്. ബോളിവുഡ് നടിമാരായ ദീപിക പദുകോണും പ്രിയങ്ക ചോപ്രയും അതിനുദാഹരണമാണ്. എന്നാൽ, അത്തരത്തിലുള്ള വാർത്തയ്ക്ക് ഇരയാകേണ്ടി വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട അവതാരികയും നടിയുമായ പേളി മാണി. കഴിഞ്ഞ ദിവസം പേളി മാണി ​ഗർഭിണിയായി എന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടനും പേളി മാണിയുടെ ഭർത്താവുമായ ശ്രീനിഷ് അരവിന്ദ്.

പ്രചരിക്കുന്ന വാർത്തകൾ‌ വ്യാജമാണെന്നും, കുടുംബത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന തങ്ങള്‍ ആ സന്തോഷവാര്‍ത്തയും ആരാധകരെ അറിയിക്കുമെന്നും ശ്രീനിഷ് പറഞ്ഞു. പേളി മാണി ഗര്‍ഭിണി, സന്തോഷം പങ്കുവച്ച് താരകുടുംബം എന്ന തലക്കെട്ടിനൊപ്പമായിരുന്നു താരത്തിന്റെ പ്രതികരണം.'ഈ വാര്‍ത്ത ശരിയല്ല. കിംവദന്തികളില്‍ വീഴരുത്. ‍ഞങ്ങളുടെ നല്ല നിമിഷങ്ങള്‍ ആരാധകരുമായി എല്ലായിപ്പോഴും പങ്കുവയ്ക്കാറുണ്ട്. ശരിയായ സമയത്ത് ആ സന്തോഷവും പങ്കുവയ്ക്കും', ശ്രീനിഷ് കുറിച്ചു.

കൂടാതെ ആരാണ് ബിഗ്‌ബോസിലെ ഇഷ്ടതാരമെന്നും, ബിഗ്‌ബോസ് ഒന്നും രണ്ടും തമ്മില്‍ എന്ത് വ്യത്യാസമാണ് തോന്നുന്നതെന്നുമുള്ള ആരാധകരുടെ ചോദ്യത്തിനും താരം ഉത്തരം നല്‍കി. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ശ്രീനിഷ് ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽ‌കിയത്.  ബിഗ്‌ബോസിലെ ഇഷ്ടതാരം ആരാണെന്ന ചോദ്യത്തിന് Dr എന്നാണ് ശ്രീനിഷ് കുറിച്ചിരിക്കുന്നത്. ബിഗ്‌ബോസ് ഒന്നും രണ്ടും തമ്മിലെ വ്യത്യാസത്തിന്റെ ചോദ്യത്തിലാണ് താരത്തിന്റെ രസകരമായ മറുപടി. ഒന്നാമത്തെ ബിഗ്‌ബോസ് എന്റെ ജീവിതം തന്നെയായിരുന്നുവെന്നും, രണ്ടാമത്തെ ബിഗ്‌ബോസ് തനിക്ക് നല്ലൊരു എന്റര്‍ടൈന്‍മെന്റാണ് എന്നും താരം കുറിച്ചു.

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള മിനിസ്ക്രീൻ താരദമ്പതികളാണ് പേളിമാണിയും ശ്രീനിഷ് അരവിന്ദും. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ്ബോസിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് ആറുമാസത്തെ പ്രണയബന്ധത്തിനൊടുവിൽ പേളിയും ശ്രീനിഷും വിവാഹിതരായി. കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു ഇവരുടെ വിവാാഹം. ക്രിസ്ത്യൻ, ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.