Asianet News MalayalamAsianet News Malayalam

ആരംഭിച്ചിട്ട് രണ്ടേമുക്കാല്‍ വര്‍ഷം; 400 കോടിയുടെ 'ആര്‍ആര്‍ആറി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി രാജമൗലി

'ബാഹുബലി 2'ന്‍റെ വന്‍ വിജയത്തിനു ശേഷം 2018 നവംബര്‍ 19നാണ് രാജമൗലി 'ആര്‍ആര്‍ആറി'ന്‍റെ ചിത്രീകരണം ആരംഭിച്ചത്

ss rajamouli wrapped up shooting of rrr
Author
Thiruvananthapuram, First Published Aug 26, 2021, 9:04 PM IST
  • Facebook
  • Twitter
  • Whatsapp

'ബാഹുബലി' സീക്വലിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന  നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് 'ആര്‍ആര്‍ആര്‍'. ചിത്രത്തിന്‍റെ താരനിരയും വന്‍ ബജറ്റുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം ആഘോഷിച്ചുകൊണ്ടേയിരിക്കാന്‍ ആരാധകര്‍ക്കുള്ള കാരണങ്ങളാണ്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. രണ്ടേമുക്കാല്‍ വര്‍ഷം നീണ്ടുനിന്ന ചിത്രീകരണം പൂര്‍ത്തിയായി എന്നതാണ് അത്.

'ബാഹുബലി 2'ന്‍റെ വന്‍ വിജയത്തിനു ശേഷം 2018 നവംബര്‍ 19നാണ് രാജമൗലി 'ആര്‍ആര്‍ആറി'ന്‍റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കൊവിഡ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മാസങ്ങളോളം നിര്‍ത്തിവെക്കേണ്ടിവന്ന ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീണ്ടും പുനരാരംഭിച്ചത്. സിനിമയുടെ പ്രധാന ചിത്രീകരണം പൂര്‍ത്തിയായെന്നും ചില പിക്ക് അപ്പ് ഷോട്ടുകള്‍ മാത്രമാണ് ഇനി എടുക്കാനുള്ളതെന്നും അണിയറക്കാര്‍ അറിയിച്ചു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. 

അതേസമയം കൊവിഡ് രണ്ടാംതരംഗം നീളുന്ന സാഹചര്യത്തില്‍ നിലവില്‍ പ്രഖ്യാപിച്ച റിലീസ് തീയതി മാറ്റാനാണ് സാധ്യത. ഈ വര്‍ഷം ഒക്ടോബര്‍ 13ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തേക്ക് റിലീസ് നീട്ടാന്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ആര്‍ആര്‍ആര്‍ ടീം ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

'രൗദ്രം രണം രുധിരം' എന്നതിന്‍റെ ചുരുക്കെഴുത്താണ് 'ആര്‍ആര്‍ആര്‍'. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍ താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. അതേസമയം ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി ഒരുക്കിയിരിക്കുന്നത്. 

സീ5, നെറ്റ്ഫ്ളിക്സ് എന്നീ പ്ലാറ്റ്ഫോമുകളിലായിരിക്കും ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍ ഇത് ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കില്ല, മറിച്ച് തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി സ്ട്രീമിംഗ് ആയിരിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ സ്ട്രീമിംഗ് സീ 5ല്‍ ആയിരിക്കും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ളിക്സിലും. അതേസമയം വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്ളിക്സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്ളിക്സില്‍ എത്തും. ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം ഹിന്ദിയില്‍ സീ സിനിമയ്ക്കാണ്. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios