മുംബൈ: സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുകയും അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മികവുറ്റതാക്കുകയും ചെയ്‍ത് ശ്രദ്ധേയയായ നടിയാണ് രാധിക ആപ്തെ. ബോളിവുഡ‍് ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തിയ രാധിക തമിഴിൽ രജനി കാന്തിനൊപ്പവും മലയാളത്തിൽ ഫഹദിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. കാസ്റ്റിങ്ങ് കൗച്ചുൾപ്പടെയുള്ള സിനിമയിലെ മോശം പ്രവണതകളെ കുറിച്ച് രാധികാ ആപ്തെ തുറന്നുപറഞ്ഞത് വന്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, ഒരു സമയത്ത് സെക്‌സ് കോമഡികള്‍ ചെയ്യാൻ മാത്രമെ സംവിധായകർ തന്നെ സമീപിച്ചിട്ടുള്ളുവെന്ന് വെളിപ്പെടുത്തുകയാണ് താരം. മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തിയ പ്രത്യേക പരിപാടിയായ വി ദ വിമണിലായിരുന്നു രാധികയുടെ തുറന്നുപറച്ചിൽ.

ശ്രീറാം രാഘവർ സംവിധാനം ചെയ്ത 'ബദ്ലാപൂർ' എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് സംവിധായകർ തന്നെ സെക്‌സ് കോമഡി പ്രോജക്ടുകളുമായി സമീപിക്കാൻ തുടങ്ങിയത്. ചിത്രത്തിൽ നായകൻ തന്നെ ബലമായി വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിക്കുന്ന രം​ഗമുണ്ടായിരുന്നു. ഇതാണ് അതിന് കാരണമായതെന്നും രാധിക പറഞ്ഞു. സ്ത്രീകളുടെ കാഴ്ചപ്പാടിനെ പറഞ്ഞുവയ്ക്കാത്ത കോമഡി ചിത്രങ്ങളിലോ സെക്സ് കോമഡികളിലോ താൻ അഭിനയിക്കില്ല.

ബദലാപൂരിൽ താൻ ചെയ്ത കഥാപാത്രത്തെ ബലാത്സം​ഗം ചെയ്യാനും കൊല്ലാനും തുനിഞ്ഞയാള്‍ ബലമായി തന്റെ വസ്ത്രം ഊരിമാറ്റുന്ന രംഗമുണ്ടെന്ന കാരണത്താൽ സെക്സ് കോമഡി പ്രോജക്ടുമായി തന്നെ സംവിധായകർ സമീപിച്ചതിൽ എനിക്ക് അതിശയമുണ്ട്. അഹല്യ എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചപ്പോഴും ആളുകൾ പറ‍ഞ്ഞിരുന്നത് നിങ്ങൾ നിരന്തരം ഇത്തരത്തിലുള്ള വേഷമാണല്ലോ കൈകാര്യം ചെയ്യുന്നത് എന്നായിരുന്നുവെന്നും രാധിക പറ‍ഞ്ഞു.

കരിയറിനെ സാരമായി ബാധിക്കുമെന്നതിനാൽ നിരവധി പ്രോജക്ടുകൾ വേണ്ടെന്ന് വച്ചിട്ടുണ്ട്. പുരോഗമനവാദത്തിന്റെ പേരിൽ ആളുകൾ എന്തും എഴുതുമെന്നാണ് എനിക്ക് തോന്നുന്നത്. ആണിനെ വെറുക്കുക എന്നത് പുരോ​ഗമനവാദമല്ല. സിനിമ എന്നത് ഒരു കഥപറച്ചിൽ മാധ്യമമാണ്. പക്ഷേ ഒരു സംവിധായകൻ, എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങൾ ചിലതൊക്കെ വിശദീകരിക്കുകയാണ്. നിങ്ങളുടെ വ്യാഖ്യാനവും കാഴ്ചപ്പാടുമൊക്കെ എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും രാധിക കൂട്ടിച്ചേർത്തു.