Asianet News MalayalamAsianet News Malayalam

'ട്രോളില്‍ നിന്ന് അദ്ദേഹത്തിന്‍റെ മക്കളെയെങ്കിലും ഒഴിവാക്കിക്കൂടേ'? പിഷാരടിക്ക് പിന്തുണയുമായി സുബീഷ് സുധി

"രാഷ്ട്രീയപരമായി പിഷാരടിയോട് ഞാൻ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അദ്ദേഹം അദ്ദേഹത്തിന്‍റെ  രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുകയും ഞാനെന്‍റെ കൃത്യമായ രാഷ്ട്രീയം അദ്ദേഹത്തോട് പറയാറുമുണ്ട്. പക്ഷെ.."

subish sudhi supports ramesh pisharody
Author
Thiruvananthapuram, First Published May 7, 2021, 4:54 PM IST

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരമാണ് രമേശ് പിഷാരടി. പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം പിഷാരടി കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ വലിയ ആരാധകപ്രീതി നേടാറുണ്ട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം രമേശ് പിഷാരടിയെ പരിസഹിച്ചുകൊണ്ടുള്ള ഒട്ടേറെ ട്രോളുകള്‍ പുറത്തിറങ്ങിയിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന പിഷാരടി യുഡിഎഫിന്‍റെ പല സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയും പ്രചരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. രമേശ് പിഷാരടി പോയിടത്തെല്ലാം സ്ഥാനാര്‍ഥികള്‍ തോറ്റെന്നും അദ്ദേഹത്തിന്‍റെ സാന്നിധ്യം 'മാന്‍ഡ്രേക്കി'ന്‍റേതുപോലെയാണ് അനുഭവമായതെന്നുമൊക്കെ പരിഹാസങ്ങള്‍ നീണ്ടു. യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളിലും പിഷാരടി എത്തിയിരുന്നെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പിഷാരടിക്കെതിരെയുള്ള ട്രോളുകള്‍ ചിലപ്പോഴെങ്കിലും അതിരു കടക്കുന്നുവെന്നും അത് അദ്ദേഹത്തെ വിഷമിപ്പിച്ചുവെന്നും പറയുകയാണ് അദ്ദേഹത്തിന്‍റെ സുഹൃത്തും നടനുമായ സുബീഷ് സുധി. പല ട്രോളുകളിലും തന്‍റെ മക്കളെയും ഉള്‍പ്പെടുത്തിയതാണ് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചതെന്ന് പറയുന്നു സുബീഷ്.

സുബീഷ് സുധി പറയുന്നു

രാഷ്ട്രീയപരമായി പിഷാരടിയോട് ഞാൻ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അദ്ദേഹം അദ്ദേഹത്തിന്‍റെ  രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുകയും ഞാനെന്‍റെ കൃത്യമായ രാഷ്ട്രീയം അദ്ദേഹത്തോട് പറയാറുമുണ്ട്. പക്ഷെ പിഷാരടി എന്ന വ്യക്തി ഒരു പക്ഷെ എനിക്ക് അടുത്ത് അറിയാവുന്ന ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പിഷാരടി സിപിഎമ്മിന്‍റെ വർഗ ബഹുജന സംഘടനകൾ അല്ലെങ്കിൽ കോളേജ് യൂണിയനുകൾ നടത്തുന്ന പല പരിപാടികൾക്കും പൈസ നോക്കാതെ വന്ന ഒരു സെലിബ്രിറ്റി ആണ്. അതുകൊണ്ട് തന്നെ ഇന്നലെ ഞാൻ രമേശേട്ടനോട് സംസാരിച്ചപ്പോൾ , ട്രോളുകളും മറ്റും ഒരു തമാശയായി കാണുന്ന അദ്ദേഹം. അദ്ദേഹത്തിന്‍റെ മക്കളെ, കൊച്ചുകുട്ടിയുടെ ഫോട്ടോ പോലും ട്രോളാൻ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഏറെ വിഷമം തോന്നി. പിഷാരടിക്ക് അദ്ദേഹത്തിന്‍റെ മക്കൾ ജീവനു തുല്യം ആണ്. അതെല്ലാവർക്കും അങ്ങനെ ആണല്ലോ!! ഞാൻ അതിനെ ന്യായീകരിക്കുകയോ അല്ലെങ്കിൽ പിഷാരടിയെ ന്യായീകരിക്കാൻ രംഗത്ത് വന്നതോ ഒന്നുമല്ല. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നവർക്ക് പിഷാരടിയുടെ മക്കളെ വെച്ചുള്ള ഈ ചിത്രങ്ങൾ ട്രോളിന് ഉപയോഗിക്കാതെ നോക്കണമെന്ന് ഞാൻ വിനയത്തിന്‍റെ ഭാഷയിൽ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

Follow Us:
Download App:
  • android
  • ios