സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ഒരു നൈജീരിയക്കാരന്‍ പ്രിയങ്കരനാകുന്നത്. സാമുവല്‍ റോബിന്‍സണ്‍. സുഡാനി ഫ്രം നൈജീരിയ മികച്ച വിജയം നേടിയതിന് പിന്നാലെ ഉയര്‍ന്നുവന്ന പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സാമുവലിനെ വാര്‍ത്തകളിലും നിറച്ചത്.  പ്രശ്നങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കിയെന്ന് വ്യക്തമാക്കി പിന്നീട് അദ്ദേഹം തന്നെ രംഗത്തുവരികയും ചെയ്തു. അന്നുമുതല്‍ മലയാളികളുടെ സുഡുമോനായിരുന്നു സാമുവല്‍. മലയാളത്തില്‍ ഒരു സിനിമകൂടി സാമുവല്‍ ചെയ്തിരുന്നു. കരീബിയന്‍ ഉടായിപ്പ് എന്ന പേരിലുള്ള ചിത്രം അധികം ശ്രദ്ധനേടിയിരുന്നില്ല. 

പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിരന്തരം സാമുവല്‍ വിശേഷങ്ങള്‍ പറഞ്ഞു. ഇടയ്ക്ക് സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പര്യവും വെളിപ്പെടുത്തി.കുറച്ചുനാളുകള്‍ക്ക് മുമ്പ് ജീവിതം മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് സാമുവല്‍ എത്തിയിരുന്നു. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്നും ആത്മഹത്യയുടെ വക്കിലാണെന്നും  സാമുവല്‍ പറഞ്ഞിരുന്നു. 

ഇതൊക്കെ കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിലെത്തിയിരിക്കുകയാണ് സാമുവല്‍.  തന്‍റെ കാമുകിയെ കാണാന്‍ ദില്ലിയില്‍ എത്തിയതാണ് അദ്ദേഹം. ഒഡീഷ സ്വദേശിയായ അഭിഭാഷക ഇഷാ പാട്രിക്ക് ആണ് സാമുവലിന്റ‍െ കാമുകി. ഇരുവരും ഒന്നിച്ചുള്ള ചിത്രം  സാമുവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സുഹൃത്ത് വഴി പരിചയപ്പെട്ട ഇഷയുമായുള്ള സൗഹൃദം പ്രണയത്തിലേക്ക് നയിക്കുകയായിരുന്നു.