മലയാളത്തിലെ ഡയറക്ട് ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ അടുത്ത മാസം. ചിത്രത്തിന്‍റെ റിലീസ് തീയ്യതി പുറത്തെത്തി. ജൂലൈ രണ്ടിനാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കുക.

തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്തെ ഡയറക്ട് ഒടിടി റിലീസുകളുടെ പട്ടിക കഴിഞ്ഞ മാസം മധ്യത്തിലാണ് ആമസോണ്‍ പ്രൈം പ്രഖ്യാപിച്ചത്. ബോളിവുഡ്, തമിഴ്, കന്നഡ സിനിമകള്‍ ഉണ്ടായിരുന്ന പട്ടികയില്‍ മലയാളത്തില്‍ നിന്നുള്ള ഏക എന്‍ട്രിയായിരുന്നു സൂഫിയും സുജാതയും. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയസൂര്യയും അദിതി റാവു ഹൈദരിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരൂപകശ്രദ്ധ ലഭിച്ച 'കരി' എന്ന ചിത്രം ഒരുക്കിയ നരണിപ്പുഴ ഷാനവാസ് ആണ് ചിത്രത്തിന്‍റെ സംവിധാനം.

അതേസമയം ബോളിവുഡ് ഡയറക്ട് റിലീസ് ആയ ഗുലാബോ സിതാബോ ആമസോണില്‍ ഇന്നുമുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു. അമിതാഭ് ബച്ചനും ആയുഷ്‍മാന്‍ ഖുറാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ശരാശരിയെന്നും മികച്ചതെന്നുമുള്ള അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. കീര്‍ത്തി സുരേഷ് നായികയാവുന്ന തമിഴ് ചിത്രം പെന്‍ഗ്വിന്‍ ആമസോണ്‍ പ്രൈമില്‍ ഈ മാസം 19ന് പ്രദര്‍ശനം ആരംഭിക്കും.