പിറന്നാള്‍ ദിനം സന്നദ്ധ പ്രവര്‍ത്തനത്തിനായി നീക്കിവച്ച ഭാര്യയ്ക്ക് ആശംസകളുമായി നടന്‍ സണ്ണി വെയ്ന്‍. സണ്ണിയുടെ ഭാര്യ രഞ്ജിനിയുടെ പിറന്നാളാണ് ഇന്ന്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ആഹാരവും ഫേസ് മാസ്‍കുകളും സാനിറ്റൈസറും വിതരണം ചെയ്യുന്നതിന്‍റെ തിരക്കിലായിരുന്നു അവര്‍. ചിത്രങ്ങള്‍ക്കൊപ്പം ഫേസ്ബുക്കിലൂടെയാണ് സണ്ണി വെയ്‍നിന്‍റെ ആശംസാ കുറിപ്പ്.

"ഇന്നെന്‍റെ നല്ല പാതിയുടെ പിറന്നാളാണ്!! ഈ കഠിനകാലത്ത് ആവശ്യക്കാര്‍ക്ക് ഭക്ഷണവും ഫേസ് മാസ്‍കുകളും സാനിറ്റൈസറുമൊക്കെ വിതരണം ചെയ്യാനായി അവള്‍ ഈ ദിവസം നീക്കിവച്ചതു കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട്. പിറന്നാള്‍ ആശംസകള്‍ സ്നേഹമേ! സര്‍വ്വശക്തന്‍ അനുഗ്രഹം ചൊരിയട്ടെ, നിന്‍റെ എല്ലാ ആഗ്രഹങ്ങളും സഫലമാവട്ടെ", സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം അഭിനേതാവ് എന്നതിനപ്പുറം സണ്ണി വെയ്ന്‍ സിനിമാ നിര്‍മ്മാതാവ് കൂടി ആവുകയാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് എന്നു പേരിട്ടിരിക്കുന്ന നിര്‍മ്മാണക്കമ്പനിയുടെ ആദ്യ ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി ആണ്. 'പടവെട്ട്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ലിജു കൃഷ്‍ണ എന്ന നവാഗതനാണ്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയായ അദിതി ബാലനാണ് ചിത്രത്തിലെ നായിക, മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.