Asianet News MalayalamAsianet News Malayalam

സുരക്ഷയുടെ കാര്യം പറഞ്ഞ് ആദ്യം വിളിച്ചത് പൃഥ്വിരാജ്, പിന്നിട്ടത് ഉറക്കമില്ലാത്ത രാത്രികള്‍: സുരേഷ് ഗോപി

'വന്ദേഭാരത് മിഷനുമായിട്ട് ബന്ധപ്പെട്ട് എന്നോട് വ്യക്തിപരമായി ആദ്യം ഒരാവശ്യം ഉന്നയിക്കുന്നത് പൃഥ്വിരാജ് ആണ്. ഞങ്ങളെ തിരിച്ചെത്തിക്കണം എന്ന് പറഞ്ഞുകൊണ്ടല്ല. മറിച്ച് ഞങ്ങള്‍ക്ക് സുരക്ഷ വേണം, എത്തുമ്പോള്‍ എത്താന്‍ സാധിക്കട്ടെ എന്ന രീതിയില്‍..'

suresh gopi about prithvirajs call from jordan
Author
Thiruvananthapuram, First Published Jul 26, 2020, 5:11 PM IST

കൊവിഡ് കാലത്ത് പുറംനാടുകളില്‍ പെട്ടുപോയ മലയാളികളില്‍ നിന്ന് തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ കോളുകളെക്കുറിച്ച് നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട് തന്നെ ആദ്യം വിളിച്ചത് പൃഥ്വിരാജ് ആയിരുന്നുവെന്നും മൂന്നരമാസമായി തുടര്‍ച്ചയായി കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും സുരേഷ് ഗോപി. ഇത്തവണത്തെ പിറന്നാള്‍ പോലും ആഘോഷിക്കാനുള്ള മാനസികനില തനിക്കുണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്‍തേ കേരളത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"വന്ദേഭാരത് മിഷനുമായിട്ട് ബന്ധപ്പെട്ട് എന്നോട് വ്യക്തിപരമായി ആദ്യം ഒരാവശ്യം ഉന്നയിക്കുന്നത് പൃഥ്വിരാജ് ആണ്. ഞങ്ങളെ തിരിച്ചെത്തിക്കണം എന്ന് പറഞ്ഞുകൊണ്ടല്ല. മറിച്ച് ഞങ്ങള്‍ക്ക് സുരക്ഷ വേണം, എത്തുമ്പോള്‍ എത്താന്‍ സാധിക്കട്ടെ എന്ന രീതിയില്‍. അത് വളരെ ഐശ്വര്യപൂര്‍ണ്ണമായ ഒരു തുടക്കമായിരുന്നു. കാരണം അന്നുമുതല്‍ എനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഏതാണ്ട് മൂന്നര മാസക്കാലമായി അങ്ങനെയാണ്. ആളുകള്‍ വിളിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെയും ഫിലിപ്പീന്‍സില്‍ നിന്ന് വരാനുള്ള മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആവശ്യത്തിനായി എന്നെ ബന്ധപ്പെട്ടിരുന്നു. ഇത് ഒരിക്കലും അണമുറിയാതെ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്", സുരേഷ് ഗോപി പറയുന്നു.

"ലോകത്തിന്‍റെ മറുഭാഗത്ത് പകലാവുന്ന സമയത്താണ് വിളികള്‍ കൂടുതല്‍. ഇവിടുത്തെ പുലര്‍ച്ചെ രണ്ടരയ്ക്കൊക്കെ അമേരിക്കയില്‍ നിന്നുള്ള കോളുകള്‍ വരാറുണ്ട്. ഓസ്ട്രേലിയയില്‍ നിന്ന് രാവിലെ എട്ടു മണിക്കും. അങ്ങനെ വരുന്ന കോളുകള്‍ ഒരു ഐഡന്‍റിറ്റി ലോസ് ഉണ്ടാക്കുന്ന തരത്തിലാണ് എന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആ മാനസികഘടന എന്നെ വല്ലാതെ റീസ്ട്രക്ചര്‍ ചെയ്തതിന്‍റെ ഫലമായി എന്‍റെ പിറന്നാള്‍ എനിക്ക് ആഘോഷിക്കാന്‍ പറ്റിയില്ല. പിറന്നാള്‍ ദിനത്തില്‍ വൈകുന്നേരം കുടുംബവുമായി ചേര്‍ന്ന് ഒരു കേക്ക് മുറിക്കല്‍ മാത്രമായിരുന്നു ആഘോഷമെന്ന് പറയാന്‍ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഗവര്‍ണറുടെ അവിടെനിന്നു കൊടുത്തയച്ച പായസത്തിന്‍റെ ഒരംശം, ബോളി ഇതൊക്കെ മാത്രമായിരുന്നു ആഘോഷം. പക്ഷേ അങ്ങനെയൊരു മാനസികനില ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാന്‍ മനപ്പൂര്‍വ്വം ഒരു ചാനലിലും വന്നില്ല. എന്നെ ഇഷ്ടപ്പെടുന്നവരുടെ അവകാശമാണ് ഈ ആഘോഷം എന്ന നിലയില്‍ പിറന്നാള്‍ ഞാന്‍ അവര്‍ക്കായി വിട്ടുകൊടുക്കുകയായിരുന്നു", സുരേഷ് ഗോപി പറഞ്ഞവസാനിപ്പിക്കുന്നു.

 

Follow Us:
Download App:
  • android
  • ios