മലയാളത്തില്‍ എല്ലാ സിനിമാക്കാരോടും ഒരുപോലെ ബന്ധം പുലര്‍ത്തുന്ന നടനാണ് സുരേഷ് ഗോപി. സിനിമമേഖലയിലെ പ്രവര്‍ത്തകരുടെയൊക്കെ വിവാഹച്ചടങ്ങുകള്‍ക്ക് പങ്കെടുക്കാൻ തിരക്കുകള്‍ക്കിടയിലും സുരേഷ് ഗോപി സമയം കണ്ടെത്താറുണ്ട്. സുരേഷ് ഗോപിയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. നടി ഭാമയുടെ വിവാഹ വിരുന്നിനെത്തിയപ്പോള്‍ സുരേഷ് ഗോപിക്കൊപ്പം തന്നെ ശ്രദ്ധാ കേന്ദ്രമായത് മകളാണ്. ഭാര്യ രാധികയ്‍ക്കും മകള്‍ ഭാവ്‍നിക്കും  ഒപ്പമായിരുന്നു സുരേഷ് ഗോപി ഭാമയുടെ വിവാഹ വിരുന്നിന് എത്തിയത്.

ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നീ നാല് മക്കളാണ് സുരേഷ് ഗോപിക്കുള്ളത്. ഗോകുല്‍ സുരേഷ് നായകനെന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാണ്. മറ്റ് മക്കള്‍ വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് സുരേഷ് ഗോപിക്ക് ഒപ്പം വരുമ്പോഴാണ് പ്രേക്ഷകര്‍ കാണാറുള്ളത്. ഭാമയുടെ വിവാഹത്തിനും സുരേഷ് ഗോപി എത്തിയിരുന്നു. വ്യവസായിയായ അരുണ്‍ ആണ് ഭാമയുടെ വരൻ. ഒരു വര്‍ഷമായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു ഭാമ. ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെയായിരുന്നു ഭാമ നായികയായി വെള്ളിത്തിരയിലെത്തിയത്.