സുരേഷ് ഗോപിയെ നായകനാക്കി നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. 'കാവല്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അനൗണ്‍സ്‌മെന്റ് പോസ്റ്ററും പ്രഖ്യാപനത്തിനൊപ്പം എത്തിയിട്ടുണ്ട്. മടക്കിക്കുത്തിയ മുണ്ടില്‍ തിരുകിയ തോക്കാണ് പോസ്റ്ററില്‍.

'സത്യം തെളിയുന്നത് വരെ, കുടുംബത്തിനും നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവുമുണ്ട്', എന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തതിനൊപ്പം സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ച വാചകം. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം.

സിനിമയിലേക്കുള്ള മടങ്ങിവരവിലെ സുരേഷ് ഗോപിയുടെ രണ്ടാം ചിത്രമാണ് ഇത്. അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇപ്പോള്‍ അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. 

രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത്, 1997ല്‍ പുറത്തെത്തിയ 'ലേല'ത്തിന്റെ രണ്ടാംഭാഗം നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 'ലേല'വുമായി ബന്ധമൊന്നുമില്ലാത്ത ചിത്രമാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'കാവല്‍'. രണ്ട് തലമുറകളുടെ കഥ പറയുന്ന ആക്ഷന്‍ ഫാമിലി ചിത്രമെന്നാണ് നിധിന്‍ പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം ചിത്രത്തില്‍ ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍. എഡിറ്റിംഗ് മന്‍സീര്‍ മുത്തൂറ്റി. സംഗീതം രഞ്ജിന്‍ രാജ്.