അബോര്‍ഷൻ ആയ ഭാര്യയെ വിട്ട് വിവാഹത്തിനു പോയ സംഭവം പറഞ്ഞ ഡോ. രജിത് കുമാറിന് എതിരെ പൊട്ടിത്തെറിച്ച് സുരേഷ് കൃഷ്‍ണൻ.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ തുടങ്ങിയിട്ട് അധികദിവസമായില്ല. പക്ഷേ തുടക്കത്തില്‍ തന്നെ വലിയ വാക് തര്‍ക്കങ്ങളാണ് ബിഗ് ബോസ്സിലുണ്ടാകുന്നത്. അതിനു കാരണക്കാരൻ വിവാദ പ്രസ്‍താവനകളിലൂടെ കുപ്രസിദ്ധി നേടിയ ഡോ. രജിത് കുമാര്‍ തന്നെ. രജിത് കുമാറിന്റെ സംസാരത്തിലെ നീതികേടാണ് ഇന്നും ബിഗ് ബോസ്സില്‍ വലിയ തര്‍ക്കങ്ങളിലേക്ക് വഴിതെളിയിച്ചത്. സംവിധായകൻ സുരേഷ് കൃഷ്‍ണൻ വളരെ രൂക്ഷമായിട്ടാണ് ഡോ. രജിത് കുമാറിന്റെ വാക്കുകള്‍ എതിര്‍ത്ത് സംസാരിച്ചത്.

ആര്യയുടെ ജീവിതത്തിലെ സംഭവങ്ങളായിരുന്നു ആദ്യം പറഞ്ഞത്. വിവാഹവും പിന്നീടും ഡൈവേഴ്‍സുമൊക്കെ നടന്നത് ആര്യ പറഞ്ഞു. എത്ര വര്‍ഷമായിരുന്നു ഒരുമിച്ചുണ്ടായിരുന്നത് എന്ന് രജിത് കുമാര്‍ ചോദിച്ചു. എട്ട് വര്‍ഷത്തോളമെന്നായിരുന്നു ആര്യയുടെ മറുപടി. പിന്നീട് ആണ് രജിത് കുമാര്‍ തന്റെ ജീവിതത്തിലെ അനുഭവം പറഞ്ഞത്. ഭാര്യയുടെ വീട്ടുകാര്‍ക്ക് ചെയ്‍തു കൊടുത്ത ഒരു സഹായത്തെ കുറിച്ചായിരുന്നു രജിത് കുമാര്‍ പറഞ്ഞു തുടങ്ങിയത്. വിവാഹശേഷം ഭാര്യയുടെ അപ്പച്ചിയുടെ വീട്ടില്‍ വിരുന്നിനു പോയി. അവരുടെ മകന്റെ വിവാഹമാണ് എന്ന് അപ്പച്ചി പറഞ്ഞു. പ്രണയവിവാഹമാണ് കോഴിക്കോട് ആണ് കുട്ടി എന്നും പറഞ്ഞു. എറണാകുളത്ത് നിന്ന് വിവാഹസ്ഥലത്തേക്ക് വരനെ താൻ കൊണ്ടുപോകാമെന്നും തിരിച്ചു സുരക്ഷിതമായി എത്തിക്കാമെന്നുമടക്കമുള്ള വാഗ്‍ദാനം താൻ നല്‍കി. എന്നാല്‍ അപ്പോഴേ ഭാര്യയുടെ മുഖം കറുത്തുവെന്നും ഡോ. രജിത് കുമാര്‍ പറഞ്ഞു. ഭാര്യയുടെ വീട്ടുകാരില്‍ നിന്ന് ഒരു തരി സ്വര്‍ണം പോലും താൻ വാങ്ങിച്ചിരുന്നില്ലെന്നും രജിത് കുമാര്‍ പറഞ്ഞു. അതിനിടിയിലാണ് ഭാര്യ ഗര്‍ഭിണിയായത്. യൂറിൻ പരിശോധിച്ചപ്പോള്‍ പോസിറ്റീവ് ആണെന്ന് പറഞ്ഞു. രണ്ട് മാസം പൂര്‍ണ്ണമായും വിശ്രമം നിര്‍ദ്ദേശിച്ചു. അപ്പച്ചിയുടെ മകന്റെ വിവാഹത്തിന്റെ തലേ ദിവസം താൻ പോകാൻ തയ്യാറായി. എന്നാല്‍ പോകരുതെന്ന് പറഞ്ഞ് ഭാര്യ നിര്‍ബന്ധം പിടിച്ചു. താൻ വാക്കുമാറ്റാത്ത ആളാണ് എന്നും എന്തുവന്നാലും പോകുമെന്നും രജിത് കുമാര്‍ പറഞ്ഞു. ഒടുവില്‍ ഭാര്യ ഷര്‍ട്ടിനു പിടിച്ചു. താൻ അത് വിടുവിച്ചു. എന്തായാലും താൻ പോകുമെന്ന് പറഞ്ഞു. എന്നാല്‍ ഇതുകൂടി കണ്ടുപോകൂവെന്ന് പറഞ്ഞ് ഭാര്യ മാക്സി പൊക്കി കാണിച്ചു. രക്തം വരുന്നുണ്ടായിരുന്നു. എന്റെ കുഞ്ഞ് മരിച്ചു. ഭാര്യയെ ആശുപത്രിയിലേക്ക് എത്തിക്കാൻ നഴ്സ് അസിസ്റ്റന്റ് കൂടിയായ അമ്മയെ ഏല്‍പ്പിച്ചു. താൻ കല്യാണത്തിന് പോയി വാക്കു നിറവേറ്റി. അപ്പച്ചിയോട് പറഞ്ഞു മകന്റെ കല്യാണം നടത്തിത്തന്നു, പക്ഷേ എന്റെ കുഞ്ഞ് ആണ് എനിക്ക് നഷ്‍ടപ്പെട്ടത് എന്ന്. ഭാര്യയുടെ മാതാപിതാക്കള്‍ പറഞ്ഞത് ഇങ്ങനെയൊരു മരുമകനെയാണല്ലോ ഞങ്ങള്‍ക്ക് കിട്ടിയത് എന്നായിരുന്നുവെന്നും ഡോ. രജിത് കുമാര്‍ പറഞ്ഞു. രജിത് കുമാര്‍ ചെയ്‍തത് ഒട്ടും ശരിയല്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. രജിത് കുമാര്‍ പറയുന്നതിനിടയില്‍ തന്നെ ഇടപെട്ടുകൊണ്ടിരുന്ന സുരേഷ്‍ കൃഷ്‍ണനും വിമര്‍ശനവുമായി രംഗത്ത് എത്തി. എന്നെക്കാളും അമ്പത് മടങ്ങ് വിദ്യാഭ്യാസമുണ്ട്. ജീവിതത്തില്‍ ചെയ്‍ത 95 ശതമാനം ശരിയായിരിക്കും. അഞ്ച് ശതമാനം വിവരക്കേടുണ്ട്. അതാണ് വിവരക്കേട് ആണ് ഇയാളെ ഇങ്ങനെ ആക്കിയത് എന്നും സുരേഷ് കൃഷ്‍ണൻ പറഞ്ഞു.

മനുഷ്യത്വ രഹിതമാണ് രജിത് കുമാര്‍ ചെയ്‍തത് എന്നായിരുന്നു മഞ്ജു പത്രോസ് പറഞ്ഞത്. ആര്യയും ഡോ. രജിത് കുമാറിനെ വിമര്‍ശിച്ച് രംഗത്ത് എത്തി. ഭാര്യക്ക് ബ്ലീഡിംഗ് വന്നപ്പോള്‍ എങ്ങനെയാണ് രജിത് കുമാറിന് കല്യാണത്തിനു പോകാൻ തോന്നിയത് എന്നായിരുന്നു അവരുടെ ചോദ്യം. ഒടുവില്‍ രജിത് കുമാര്‍ സ്ഥലത്തുനിന്ന് മാറുകയായിരുന്നു. രജിത് കുമാറിനെ ബിഗ് ബോസ്സിലെ ജയിലിലടക്കണം അതിനായി താക്കോല്‍ വേണമെന്നായിരുന്നു പരീക്കുട്ടിയുടെ ആവശ്യം.

പിന്നീടും വീണ നായരും എലീനയും ഒക്കെ രജിത് കുമാറിനെ ചോദ്യം ചെയ്‍തു. എന്നാല്‍ മുമ്പ് താൻ ഈ കഥ പറഞ്ഞപ്പോഴൊക്കെ ഒരു സ്‍ത്രീയും പ്രതികരിക്കാത്ത രീതിയിലാണ് നിങ്ങള്‍ പ്രതികരിക്കുന്നത് എന്നായിരുന്നു രജിത് കുമാറിന്റെ വാദം. ഞങ്ങള്‍ അമ്മയാണ്, ഞാനും പ്രസവിച്ച സ്‍ത്രീയാണ്, അമ്പാടിയെ ഞാൻ പ്രസവിച്ചതാണ് എന്നായിരുന്നു വീണ നായര്‍ പറഞ്ഞത്. രക്തം വരുന്നുവെന്നൊക്കെ പറഞ്ഞത് ശരിയല്ലെന്ന് വീണ നായര്‍ പറഞ്ഞു. പിന്നീടും ഒറ്റയ്‍ക്ക് മാറിനിന്ന രജിത് കുമാറിനെ ചിലര്‍ കൊണ്ടുവന്നു. ആ വിഷയം വിട്ടേക്കൂവെന്നായിരുന്നു ആര്യ അടക്കമുള്ളവര്‍ പറഞ്ഞത്.

എന്നാല്‍ അന്ന് താൻ ചെയ്‍ത പല കാര്യങ്ങളും അബദ്ധമായിയെന്ന് പിന്നീട് തോന്നിയെന്ന് പറഞ്ഞ് രജിത് കുമാര്‍ ചര്‍ച്ചയ്‍ക്ക് തുടക്കമിട്ടു. ഈഗോയാണ് പ്രശ്‍നം എന്ന് രജിത് കുമാര്‍ പറഞ്ഞു. എന്റെ ജീവിതത്തില്‍ എനിക്ക് നെഗറ്റീവ് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പലര്‍ക്കും ഉണ്ടാകരുത് എന്ന് വിചാരിച്ചിട്ടാണ് ഇന്ന് കൗണ്‍സിലിംഗ് ചെയ്യുന്നതും. അത് വിജയകരമാകുന്നത് അനുഭവങ്ങളുള്ളതുകൊണ്ടാണെന്നും രജിത് കുമാര്‍ പറഞ്ഞു. അതിനിടയില്‍ വീണ്ടും സുരേഷ് കൃഷ്‍ണൻ എത്തി. ഒന്നര മണിക്കൂര്‍ പറഞ്ഞ കഥ ഞങ്ങള്‍ ഒരുക്ഷരം പോലും മിണ്ടാതെ കേട്ടിരുന്നവരാണ് ഞങ്ങള്‍. അവസാനം നിങ്ങള്‍ തോന്നിവാസം പറഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിച്ചുപറഞ്ഞപ്പോള്‍ അത് നിങ്ങള്‍ക്ക് കേള്‍ക്കാൻ പറ്റില്ലേയെന്ന് സുരേഷ് കൃഷ്‍ണൻ പറഞ്ഞു. എന്നാല്‍ ഇത് പ്ലാൻ ആണെന്ന് ഡോ. രജിത് കുമാര്‍ പറഞ്ഞു. സുരേഷേട്ടൻ ഇങ്ങനെയല്ല പറയേണ്ടത് എന്നും പറഞ്ഞു. എന്നാല്‍ നിങ്ങള്‍ പറഞ്ഞതെല്ലാം നല്ല വാക്കുകളാണ്, ബിഗ് ബോസ്സിന്റെ അടുത്തുനിന്ന് ഒരു ബൊക്കെയും വാങ്ങിച്ചുതരാം എന്ന് സുരേഷ് കൃഷ്‍ണൻ പരിഹസിച്ച് പറഞ്ഞു. ചെറുപ്പത്തില്‍ ചെയ്‍ത കാര്യം ഇന്ന് നിങ്ങള്‍ ന്യായീകരിച്ചു, അപ്പോള്‍ നിങ്ങള്‍ കൌണ്‍സിലിംഗ് നടത്തിയിട്ട് എന്തുകാര്യമെന്നും സുരേഷ് കൃഷ്‍ണൻ പറഞ്ഞു. അനുഭവമുള്ളവര്‍ക്ക് അല്ലേ പറയാൻ പറ്റൂവെന്നായിരുന്നു ഡോ. രജിത് കുമാറിന്റെ മറുപടി. ഇത് വൃത്തികെട്ട അനുഭവമാണെന്ന് സുരേഷ് കൃഷ്‍ണൻ പറഞ്ഞു. ഒരു ആളെ ഉപദേശിക്കാനോ കൗണ്‍സിലിംഗ് ചെയ്യാനോ ഇത്രയും ഡിഗ്രി ആവശ്യമില്ല, കോമണ്‍സെൻസ് മതിയെന്നും സുരേഷ് കൃഷ്‍ണൻ പറഞ്ഞു.