കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ മെയ് 1ന് റിലീസ് ചെയ്ത ചിത്രമാണ് റെട്രോ.
കൊവിഡ് വേളയിലാണ് ഒടിടി പ്ലാറ്റഫോമുകളെ ജനങ്ങൾ ആശ്രയിച്ചു തുടങ്ങിയത്. മഹാമാരിക്ക് ശേഷവും ആ ഖ്യാതി തുടർന്നു. ഇന്ന് ഒരു സിനിമ ഒടിടിയിൽ വരാനായി ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കണ്ടവ വീണ്ടും കാണാനും കാണാത്തവർക്ക് കാണാനുമൊക്കെ ആകും ആ കാത്തിരിപ്പ്. അത്തരത്തിൽ തിയറ്ററുകളിൽ വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാത്ത സൂര്യ ചിത്രം റെട്രോ കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തിയിരുന്നു.
തിയറ്ററിൽ വേണ്ടത്ര പ്രതികരണം നേടാൻ കഴിയാത്ത ചിത്രം ഒടിടിയിൽ കയ്യടി നേടുന്നുണ്ട്. സൂര്യയുടെ വിവിധ ലുക്കുകളും ചില കഥാപാത്ര വേരിയേഷനും എല്ലാം കയ്യടി ലഭിക്കുന്നുണ്ട്. പ്രശംസ നേടുന്നതിന് ഒപ്പം തന്നെ ട്രോളുകളും വിമർശനവും റെട്രോയ്ക്ക് വരുന്നുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സിന്. എന്തിന് ഇങ്ങനെ ഒരു ക്ലൈമാക്സ് ചെയ്തു എന്നാണ് കാർത്തിക് സുബ്ബരാജിനോടായി ഒടിടി പ്രേക്ഷകർ ചോദിക്കുന്നത്. ആകെ ക്ലൈമാക്സ് ആണ് ദഹിക്കാഞ്ഞതെന്നും ഇവർ പറയുന്നുണ്ട്.
'റെട്രോ ഒരിക്കലും ഒരു മോശം പടമല്ല. ആ ക്ലൈമാക്സ് കാരണമാണ് ഇത്രയും നെഗറ്റീവ് വന്നത്. തിയറ്റർ ബിസിനസ് ഉൾപ്പടെ കുറെ പടങ്ങൾക്ക് ശേഷം നിർമാതാവിന് ലോസ്സ് വരാത്ത സൂര്യ പടമാണ് റോട്രോ', എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. നല്ല തിരക്കഥ നോക്കി സിനിമ ചെയ്യൂ എന്ന് സൂര്യയെ ഉപദേശിക്കുന്നവരും ധാരാളമാണ്. മലയാളികൾ അടക്കമുള്ളവർ ഇക്കൂട്ടത്തിൽ പെടുന്നുണ്ട്.
കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ മെയ് 1ന് റിലീസ് ചെയ്ത ചിത്രമാണ് റെട്രോ. ഗ്യാസ്റ്റർ സിനിമയാണെങ്കിലും പ്രണയവും ഇമോഷൻസും ബന്ധങ്ങളും എല്ലാം പടത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് റെട്രോ ഒടിടിയിൽ എത്തിയത്. ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിക്രത്തിൽ പൂജ ഹെഗ്ഡെ ആയിരുന്നു നായിക.


