ചെന്നൈ: തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് വെട്രി മാരൻ. തന്റേതായ ശൈലിയിൽ‌ സിനിമകൾ ഒരുക്കി ചലച്ചിത്രലോകത്ത് വ്യക്തിമുദ്രപതിപ്പിച്ച വെട്രി മാരൻ ഒരുപോലെ നിരൂപകശ്രദ്ധയും പ്രേക്ഷകശ്രദ്ധയും സ്വന്തമാക്കിയ സംവിധായകനാണ്. 
തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ധനുഷും മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തിയ 'അസുരൻ' ആയിരുന്നു വെട്രി മാരൻ ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം തിയേറ്ററിൽ ഇപ്പോഴും കുതിപ്പു തുടരുകയാണ്. ഇതിനിടെ വെട്രി മാരന്റെ അടുത്ത ചിത്രത്തെക്കുറിച്ച് വ്യാപകമായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അടുത്ത ചിത്രത്തിൽ ഇളയ ദളപതി വിജയ് ആണ് നായകനായെത്തുന്നത് എന്നുവരെ അഭ്യൂഹങ്ങൾ പടർന്നിരുന്നു.

എന്നാൽ, വെട്രിയുടെ അടുത്ത ചിത്രത്തിലെ നായകനെ വെളിപ്പെട‍ുത്തി രം​ഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് കലൈപുലി എസ് തനു. നടൻ സൂര്യയാണ് വെട്രി മാരന്റെ അടുത്ത ചിത്രത്തിൽ നായകനായെത്തുന്നത്. ''അസുരന്റെ വമ്പിച്ച വിജയത്തിന് ശേഷം സംവിധായകൻ വെട്രി മാരൻ നടൻ സൂര്യയുമായി ആദ്യമായി കൈക്കോർക്കുകയാണ്. ചിത്രം നിർമ്മിക്കുന്നിൽ വളരെയധികം സന്തോഷമുണ്ട്'', തനു ട്വീറ്റിൽ കുറിച്ചു. 

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നടൻ സൂരിയായിരിക്കും തന്റെ അടുത്ത ചിത്രത്തിലെ നായകനെന്നായിരുന്നു വെട്രി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സൂര്യയാണ് അടുത്ത ചിത്രത്തിലെ നായകനെന്ന വിവരം ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം, വെട്രി മാരനുമൊത്തുള്ള ചിത്രം സൂര്യയുടെ സിനിമാ കരിയറിലെ ബ്രേക്കായിരിക്കുമെന്നാണ് ചലച്ചിത്ര നിരൂപകൾ പറയുന്നത്. ഈ വർഷം സൂര്യയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നില്ല. അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന സുരരായ് പോട്ര് ആണ് സൂര്യയ്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രം.