മുംബൈ: കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി സുര്‍വീന്‍ ചൗള. ചില സംവിധായകര്‍ മോശമായി പെരുമാറിയെന്നും ശരീരഭാഗങ്ങളുടെ അളവ് അറിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുര്‍വീന്‍ ചൗള പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമമായ 'പിങ്ക്വില്ലെ'ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

'ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമകളിലും അഭിനയിച്ചപ്പോള്‍ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു തെന്നിന്ത്യന്‍ സിനിമയുടെ ഷൂട്ടിങിനിടെ സംവിധായകന്‍ ശരീരഭാഗങ്ങളുടെ അളവ് അറിയണമെന്ന ആവശ്യവുമായി സമീപിച്ചിട്ടുണ്ട്. 2017- ല്‍ രണ്ട് ബോളിവുഡ് സംവിധായകര്‍  ക്ലീവേജും തുടകളും കാണിക്കാന്‍ പറഞ്ഞു. എന്നാല്‍ ഇത് കേട്ടതും ഞാന്‍ ആ ഓഫീസ് മുറിയില്‍ നിന്ന് പുറത്തിറങ്ങി'- സുര്‍വീന്‍ പറഞ്ഞു. 

2008- ല്‍ കന്നഡ സിനിമയിലൂടെയാണ് സുര്‍വീന്‍ ചൗള സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്. കന്നഡ, തെലുങ്ക്, പഞ്ചാബി, ഹിന്ദി, തമിഴ്, എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സുര്‍വീന്‍ അഭിനയിച്ച 'സേക്രട്ട് ഗെയിംസ്' എന്ന വെബ് സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.