ദില്ലി: ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് അഭിഭാഷകന്‍. ഫോറന്‍സിക് ടീമിലെ അംഗമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറാണ് സുശാന്തിന്‍റേത് ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണ് എന്ന് വിശദമാക്കിയതെന്നും സുശാന്ത് സിംഗ് രാജ്പുതിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍ വികാസ് സിംഗ് ട്വീറ്റ് ചെയ്തത്. സുശാന്തിന്‍റെ മരണത്തിന് പിന്നാലെ പുറത്ത് വന്ന ചിത്രങ്ങളെ ആധാരമാക്കിയാണ് ഡോക്ടറുടെ നിരീക്ഷണമെന്നും അഭിഭാഷകന്‍ പറയുന്നു.  

മുംബൈ പൊലീസ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതായി വിശദമാക്കുമ്പോള്‍ 200 ശതമാനം അതൊരു കൊലപാതകമാണ് എന്നാണ് എയിംസിലെ ഡോക്ടര്‍ വിശദമാക്കിയത്. കേസില്‍ സിബിഐ വരുത്തുന്ന കാലതാമസത്തില്‍ നിരാശനാണെന്നും വികാസ് സിംഗ് പറയുന്നു. കേസിലെ അന്വേഷണം വളരെ പെട്ടന്നാണ് മന്ദഗതിയിലായതെന്നും കേസിന്‍റെ ഗതി തിരിച്ച് വിടുന്നതായും വികാസ് സിംഗ് പറയുന്നു. മയക്കുമരുന്ന് ബന്ധങ്ങളിലേക്കാണ് സിബിഐ അന്വേഷണം നീളുന്നത്.

സുശാന്തിന്‍റെ മരണത്തില്‍ നിന്ന് അന്വേഷണം വഴിമാറുന്നതായി കുടുംബത്തിനുള്ള ആശങ്കയും വികാസ് സിംഗ് വ്യക്തമാക്കി. ഏത് ഭാഗത്തേക്കാണ് അന്വേഷണം നീങ്ങുന്നതെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും വികാസ് സിംഗ് എന്‍ഡി ടിവിയോട് പറഞ്ഞു. ജൂണ്‍ 14നാണ് യുവതാരം സുശാന്ത് സിംഗ് രാജ്പുത് മുംബൈയിലെ അപാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുശാന്തിന്‍റേത് ആത്മഹത്യയാണെന്നും വിഷാദരോഗത്തിന് താരം ചികിത്സയിലായിരുന്നെന്നുമാണ് കേസിനെക്കുറിച്ച് മുംബൈ പൊലീസ് വിശദമാക്കിയത്. സുശാന്തിന്‍റെ മരണത്തിന് ഒരുമാസത്തിന് ശേഷം പിതാവ് കെ കെ സിംഗ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുന്ന അവസ്ഥയിലെത്തിയത്.