മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒരു സുപ്രാധാനം വിവരം നല്‍കിയിട്ടില്ലെന്ന് താരത്തിന്റെ പിതാവിന്റെ അഭിഭാഷകന്‍ വികാസ് സിംഗ്. സുശാന്തിന്റെ മരണ സമയം റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മുംബൈ പൊലീസിന്റെ അന്വേഷണത്തെ ചോദ്യം ചെയ്താണ് ഇദ്ദേഹം രംഗത്തെത്തിയത്. 

''ഞാന്‍ കണ്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുപ്രധാനവിവരമായ സുശാന്തിന്റെ മരണസമയം വ്യക്തമാക്കിയിട്ടില്ല. കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ത്തതാണോ എന്ന് മരണ സമയം അറിഞ്ഞാല്‍ മാത്രമേ വ്യക്തമാകൂ. മുംബൈ പൊലീസും കൂപ്പര്‍ ആശുപത്രിയും ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. സത്യം അറിയാന്‍ കേസ് സിബിഐ അന്വേഷിക്കണം'' - അഭിഭാഷകന്‍ വികാസ് സിംഗ് എഎന്‍ഐയോട് പറഞ്ഞു. 

മുംബൈ പൊലീസ് പ്രൊഫഷണല്‍ സംഘമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരം കേസുകളില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇടപെടുകയും പൊലീസിന്റെ അന്വേഷണത്തില്‍ കൈകടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസിനെതിരെ കെകെ സിംഗിനായി ഹാജരാകുന്നത് വികാസ് സിംഗ് ആണ്.

മുംബൈയിലെ ബാന്ദ്രയിുലെ വസതിയില്‍ ജൂണ്‍ 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു. കടുത്ത മാനസ്സിക സമ്മര്‍ദ്ദമാണോ, അതോ ബോളിവുഡിലെ പ്രശ്‌നങ്ങളാണോ സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം എന്നാണ് മുംബൈ പൊലീസ് അന്വേഷിക്കുന്നത്.