Asianet News MalayalamAsianet News Malayalam

ഒരിക്കലും ഒരു മിസ്ഡ് കോള്‍ ക്യാംപെയ്‌നില്‍ വിശ്വസിക്കരുത്: സ്വര ഭാസ്‌കര്‍

'ഇന്ത്യ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു' (IndiaSupportsCAA) എന്ന ഹാഷ് ടാഗോടെ പ്രധാന ബിജെപി നേതാക്കളെല്ലാം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ഇന്നലെയാണ് ഒരു ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്തത്.

swara bhasker criticises bjps pro caa missed call campaign
Author
Thiruvananthapuram, First Published Jan 4, 2020, 8:38 PM IST

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടി ബിജെപി ആരംഭിച്ച മിസ്ഡ് കോള്‍ ക്യാംപെയ്‌നില്‍ പ്രതികരണവുമായി ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഒരിക്കലും ഒരു മിസ്ഡ് കോള്‍ ക്യാംപെയ്‌നില്‍ വിശ്വസിക്കരുതെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു. പരാജയം (Fail) എന്നൊരു ഹാഷ് ടാഗും സ്വര തന്റെ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ട്വിറ്ററില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ട ചില ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സ്വര ഭാസ്‌കറിന്റെ ട്വീറ്റ്.

'ഇന്ത്യ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു' (IndiaSupportsCAA) എന്ന ഹാഷ് ടാഗോടെ പ്രധാന ബിജെപി നേതാക്കളെല്ലാം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ഇന്നലെയാണ് ഒരു ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്തത്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് താങ്കളുടെ പിന്തുണ നല്‍കാന്‍ ഈ നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്യാനായിരുന്നു ആഹ്വാനം. ഹിന്ദിയിലും ഇംഗ്ലീഷിലുമായി നേതാക്കള്‍ ഈ വിവരം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യമേ പറയാതെ തെറ്റിദ്ധരിപ്പിക്കുംവിധമാണ് പതിനായിരക്കണക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള പല  ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയും ബിജെപി നേതാക്കള്‍ പറഞ്ഞ ഫോണ്‍ നമ്പര്‍ പ്രചരിപ്പിക്കപ്പെട്ടത്.

സ്ത്രീകളുടെ പേരിലുള്ള പല അക്കൗണ്ടുകള്‍ വഴിയും 'മിസ്ഡ് കോള്‍ അടിച്ചാല്‍ തിരിച്ചുവിളിക്കാം' എന്ന തരത്തില്‍ ഫോണ്‍ നമ്പര്‍ പങ്കുവെക്കപ്പെട്ടിരുന്നു. 'നെറ്റ്ഫ്‌ളിക്‌സ് കണക്ഷന്‍ ആറ് മാസത്തേക്ക് സൗജന്യമായി ലഭിക്കാന്‍' പ്രസ്തുത നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ സാധിക്കുമെന്നായിരുന്നു മറ്റുചില സന്ദേശങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് വലിയ പരിഹാസമാണ് നേരിട്ടത്. 

Follow Us:
Download App:
  • android
  • ios