മുംബൈ: സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനം മൂലം തനിക്കുണ്ടായ പ്രൊഫഷണല്‍ നഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടി സ്വര ഭാസ്കര്‍. സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന് വേണ്ടി ക്യാമ്പെയ്ന്‍ നടത്തിയതിന് പിന്നാലെ നാല് ബ്രാന്‍ഡുകള്‍ നഷ്ടമായെന്ന്  സ്വര ഭാസ്കര്‍ പറഞ്ഞു. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്ഥ പാര്‍ട്ടികളിലെ ആറോളം സ്ഥാനാര്‍ത്ഥികള്‍ക്കായി സ്വര ഭാസ്കര്‍ പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡിനെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സ്വര ഭാസ്കര്‍ മനസ് തുറന്നത്.

കനയ്യ കുമാറിന് വേണ്ടി ക്യാമ്പെയ്ന്‍ നടത്തിയതിന് പിന്നാലെ നാല് ബ്രാന്‍ഡുകള്‍ തനിക്ക് നഷ്ടമായി. രാഷ്ട്രീയത്തില്‍ ഇടപെടുന്ന ആളുകളെ ബ്രാന്‍ഡുകള്‍ക്ക് വേണ്ട. എതിര്‍ ശബ്ദങ്ങള്‍ വിളിച്ചുവരുത്തുന്നവര്‍ക്ക്  ബ്രാന്‍ഡുകള്‍ മുതല്‍ മുടക്കില്ല. ഞാന്‍ വളരെ കൃത്യമായി ചിലരെ, ചില കൂട്ടങ്ങളെ പിന്തുണയ്ക്കുകയും അതേപോലെ മറ്റ് ചില കൂട്ടങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരു ബ്രാന്‍ഡിനെ സംബന്ധിച്ച് മാര്‍ക്കറ്റില്‍ എല്ലാവരുമുണ്ട്. 

എന്നാല്‍ തന്നെ സംബന്ധിച്ച് ഇത് രാഷ്ട്രീയ പ്രവേശനമോ ബോളിവുഡിനെ ഉപേക്ഷിക്കലോ അല്ല. തനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് വേണ്ട. തനിക്ക് ആരെങ്കിലും അത് തന്നാലും സ്വീകരിക്കില്ല. താന്‍ വളരെ ചെറുപ്പമാണ്. ഒരു തീരുമാനമെടുക്കുന്നതിന് തന്‍റെ മുന്‍പില്‍ ഇനിയും പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ ഉണ്ട്. അതേസമയം പാര്‍ലമെന്‍റില്‍ ചെറുപ്പക്കാരെത്തുന്നത് നല്ല കാര്യമാണെന്നും സ്വര ഭാസ്കര്‍ പറഞ്ഞു.

സുഹൃത്തുക്കള്‍ക്കും ചില പാര്‍ട്ടികള്‍ക്കും വേണ്ടി ബോളിവുഡ് താരങ്ങള്‍ എല്ലാകാലത്തും ക്യാമ്പെയ്ന്‍ നടത്താറുണ്ട്. എന്നാല്‍ ബോളിവുഡിനെ ഇതുപോലെ ഉപയോഗിച്ച മറ്റൊരു ഗവണ്‍മെന്‍റ് ഇല്ലെന്ന് സ്വര പറയുന്നു. ബോളിവുഡ് രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതല്ല. ബോളിവുഡിനെ എങ്ങനെ ഉപയോഗിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നന്നായി അറിയാമെന്നും  സ്വര ഭാസ്കര്‍ പറഞ്ഞു.