പനാജി: ബോളിവുഡില്‍, നായകനും നായികയ്ക്കും ലഭിക്കുന്ന പരിഗണന രണ്ടാണെന്ന് പലതവണ തുറന്ന് പറഞ്ഞ താരമാണ് തപ്സി പന്നു. തന്‍റെ നിലപാടുകളിലൂടെയും മികച്ച സ്ത്രീ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെയും തപ്സി എന്നും ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തയാണ്.

50ാമത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫസ്റ്റിവലില്‍ (ഐഎഫ്എഫ്ഐ) മാധ്യമങ്ങളോട് സംസാരിക്കവെ തപ്സി വീണ്ടും ഇക്കാര്യം ആവര്‍ത്തിക്കുകയായിരുന്നു. 'ഒരു ബോളിവുഡ് സിനിമയില്‍ നായകന്‍ വാങ്ങുന്ന പ്രതിഫലത്തിന്‍റെ പകുതി തുക പോലും ചിത്രത്തിലെ നായികയ്ക്ക് ലഭിക്കുന്നില്ല' - തപ്സി പറഞ്ഞു. 

നാലില്‍ ഒരു ഭാഗം പോലുമില്ലെന്നും തപ്സി കൂട്ടിച്ചേര്‍ത്തു. നായകന്‍റെ പ്രതിഫലത്തിന്‍റെ പകുതി തുക മതി ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ നിര്‍മ്മിക്കാന്‍. നമ്മള്‍ ഒരുപാട് ദൂരം പോകാനുണ്ടെന്നും തപ്സി വ്യക്തമാക്കി. 

ബദ്ല, ബേബി, സാന്ത് കി ആങ്ക് തുടങ്ങിയ സിനിമകളിലൂടെ നിരൂപക പ്രശംസ നേടിയ നടിയാണ് തപ്സി. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളെ ബോക്സ് ഓഫീസില്‍ വിജയിപ്പിക്കുക എന്നതാണ് ഈ പ്രതിഫല വ്യത്യാസം ഇല്ലാതാകാനുള്ള വഴി. തന്‍റെ കാലഘട്ടത്തില്‍ തന്നെ ഇത് മാറുമെന്നാണ് കരുതുന്നതെന്നും തപ്സി പറഞ്ഞു. 

ഇതിനിടെ 'ഇഫി' വേദിയില്‍ വെച്ച് ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടും ഹിന്ദിയില്‍ സംസാരിക്കാത്തത് എന്താണെന്ന ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി തപ്സി ചുട്ട രംഗത്തെത്തിയിരുന്നു. 

സിനിമാ ജീവിതത്തെക്കുറിച്ച് ആളുകളോട് സംവദിക്കുകയായിരുന്നു തപ്സി. ഇതിനിടയിലാണ് ഒരാള്‍ ഹിന്ദിയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. സംവാദത്തില്‍ ഇംഗ്ലീഷിലായിരുന്നു തപ്സി സംസാരിച്ചത്. പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് 'ബോളിവുഡില്‍ അഭിനയിച്ചതല്ലേ ഹിന്ദിയില്‍ സംസാരിക്കൂ...' എന്നാവശ്യപ്പെട്ടു. 'ഇവിടെയുള്ള എല്ലാവര്‍ക്കും ഹിന്ദി മനസ്സിലാകുമോ?' എന്ന് തപ്സി ആള്‍ക്കൂട്ടത്തോട് മറുചോദ്യവും ചോദിച്ചിരുന്നു.