തെലുങ്കില്‍ പുതുതായി അഭിനയിക്കുന്ന സിനിമയ്ക്കുവേണ്ടിയുള്ള ജയറാമിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 'ഫ്രീക്ക്' ലുക്കിലുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് ജയറാം തന്നെ ആയിരുന്നു. 'ഭാഗ്മതി'ക്ക് ശേഷം ജയറാം തെലുങ്കിലെത്തുന്ന ചിത്രത്തില്‍ നായകനാവുന്നത് അല്ലു അര്‍ജുന്‍ ആണ്. കഥാപാത്രത്തിനുവേണ്ടി 12 കിലോ ഭാരമാണ് ജയറാം കുറച്ചിരിക്കുന്നത്.

ഇതിനകം ഷൂട്ടിംഗ് ആരംഭിച്ച സിനിമയില്‍ ജയറാമിന്റെ ജോഡി ആവുന്നത് ബോളിവുഡ് താരം തബു ആണെന്നതാണ് പുതിയ വിവരം. എന്നാല്‍ ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അനുഷ്‌ക ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 2018ല്‍ പുറത്തുവന്ന 'ഭാഗ്മതി'യിലാണ് ജയറാം അവസാനം തെലുങ്കില്‍ അഭിനയിച്ചത്. അദ്ദേഹത്തിന് ഏറെ കൈയടികള്‍ നേടിക്കൊടുത്ത കഥാപാത്രവുമായിരുന്നു അത്.

അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. അല്ലു അര്‍ജുന്റെ കരിയറിലെ 19-ാം ചിത്രമാണിത്. മുന്‍പ് അല്ലുവിനെ നായകനാക്കി സണ്‍ ഓഫ് സത്യമൂര്‍ത്തിയും രവീന്ദ്ര രവി നാരായണുമൊക്കെ ഒരുക്കിയ സംവിധായകനാണ് ത്രിവിക്രം ശ്രീനിവാസ്. അതേസമയം വിജയ് സേതുപതിക്കൊപ്പമെത്തിയ 'മാര്‍ക്കോണി മത്തായി'യാണ് ജയറാമിന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. കണ്ണന്‍ താമരക്കുളത്തിന്റെ പട്ടാഭിരാമനാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.