മുംബൈ: താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ അണിയറപ്രവർത്തകർ ക്ഷമാപണം നടത്തിയാലും പരാതിയിൽ അന്വേഷണം അവസാനിക്കുന്നില്ലെന്ന് യുപി പൊലീസ്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അണിയറപ്രവർത്തകരെ ചോദ്യം ചെയ്യാൻ യുപി പൊലീസ് മുംബൈയ്ക്ക് തിരിച്ചിരിക്കുകയാണ്. അതിനിടെ താണ്ഡവിനെതിരെ ഗ്രേറ്റർ നോയിഡിയിലും കേസ് രജിസ്റ്റർ ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ് യുപിയിൽ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. 

സീരീസിന്റെ സംവിധായകൻ അലി അബ്ബാസിനെതിരെ നടി കങ്കണ റണൌട്ട് രംഗത്തെത്തി. അള്ളാഹുവിനെ ഇങ്ങനെ കളിയാക്കാൻ അലി അബാസ് സഫർ  ധൈര്യമുണ്ടോ എന്ന് നടി ചോദിച്ചു. താണ്ഡവ് വിവാദത്തിൽ യുപി പൊലീസ് നടപടി കടുപ്പിക്കുന്നതിടെയാണ് അണിയറപ്രവർത്തകരുടെ ക്ഷമാപണം നടത്തിയത്. ചിത്രത്തിന്റേത് സങ്കൽപ് കഥ മാത്രമാണ്. മനപ്പൂർവം ഒരു മതത്തെയോ ജാതിയേയോ പരിഹസിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ മാപ്പ് പറയുന്നതായും സംവിധായകൻ അലി അബാസ് സഫർ ട്വിറ്ററിലൂടെ പ്രതികരിച്ചു.

മുംബൈയ്ക്ക് പുറപ്പെട്ട യുപി പൊലീസ് സംഘം അണിയറപ്രവർത്തകരെ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠിയാണ് സമൂഹമാധ്യമങ്ങളിൽ ഈക്കാര്യം അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തിയതിന് വില നൽകേണ്ടി വരുമെന്ന് മുന്നിറിയിപ്പിൽ നടൻ സെയിഫ് അലി ഖാനെയും സംവിധായകനെയും ടാഗ് ചെയ്തിട്ടുണ്ട്. യുപിക്ക് പിന്നാലെ ബീഹാറിലും ദില്ലിയിലും അടക്കം വിവിധ സംസ്ഥാനങ്ങളിൽ വെബ് സീരീസിനെതിരെ ബിജെപി പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.

ഇതിനിടെ വെബ് സീരിസിനെതിരെയുള്ള ബിജെപി നീക്കത്തെിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്തെത്തി. ഇന്ത്യയുടെ നെഞ്ചില്‍ കയറി ബി.ജെ.പി നടത്തുന്ന താണ്ഡവമാണ് നിര്‍ത്തേണ്ടതെന്നും സ്‌ക്രീനിലെ താണ്ഡവമല്ലെന്നും മഹുവ മൊയ്ത്ര പറഞ്ഞു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ നായകനായി അഭിനയിക്കുന്ന സെയിഫ് അലി ഖാനും കുടുംബത്തിനും മഹാരാഷ്ട്ര പൊലീസ് സുരക്ഷ വർധിപ്പിച്ചു.