മുംബൈ: നാനാ പടേക്കറിനെതിരെയുള്ള കേസ് പൊലീസ് അവസാനിപ്പിച്ചതില്‍ ആശ്ചര്യമോ ഞെട്ടലോ ഇല്ലെന്ന് പരാതിക്കാരിയായ നടി തനുശ്രീ ദത്ത. നിരവധി സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ച ദുഷിച്ച ഒരു മനുഷ്യന് നിയമസംവിധാനം ക്ലീന്‍ ചിറ്റ് കൊടുത്തിരിക്കുന്നെന്നായിരുന്നു തനുശ്രീയുടെ പ്രതികരണം. എന്നാല്‍ മുഴുവന്‍ ദൃക്‍സാക്ഷികളുടെയും മൊഴി എടുക്കുന്നതിന് മുമ്പ് എന്തിനാണ് തിടുക്കപ്പെട്ട് പൊലീസ് കേസ് അവസാനിപ്പിച്ചതെന്ന് മനസിലാവുന്നില്ലെന്നും തനുശ്രീ പറഞ്ഞു

ബലാത്സംഗ ആരോപണം നേരിട്ട അലോക് നാഥിന് ക്ലീന്‍ ചീറ്റ് കിട്ടുകയും വീണ്ടും സിനിമാ ജീവിതം തുടരാനും കഴിയുന്നു. അപ്പോള്‍ ഉറപ്പായും ലൈംഗിക അധിക്ഷേപത്തിന് കേസ് എടുക്കപ്പെട്ട നാനാ പടേക്കറിന് ക്ലീന്‍ ചിറ്റ് കിട്ടുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും തനുശ്രീ പരിഹസിച്ചു. ഇനിയും ഇത്തരം അനുഭവങ്ങളുണ്ടാകരുതെന്നാണ് പ്രാര്‍ത്ഥന. ദുഷിച്ച വ്യവസ്ഥയോടും പീഡകരോടും ഒറ്റക്ക് പോരാടി മടുത്തു. എന്നാല്‍ അവസാന വിജയം തന്‍റേതായിരിക്കുമെന്നും അത് കാലം തെളിയിക്കുമെന്നും തനുശ്രീ കുറിച്ചു.

തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തനുശ്രീയുടെ പരാതിയില്‍ നാനാ പടേക്കറിനെതിരെ ഫയല്‍ ചെയ്ത കേസ് പൊലീസ് അവസാനിപ്പിച്ചത്.  ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാനും വിചാരണ നടത്താനും പൊലീസിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്ന് സീനിയര്‍ ഇന്‍സ്പെക്ടര്‍ ഷൈലേഷ് പസാല്‍വാര്‍ പറഞ്ഞിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നാനാ പടേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍. 

ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്‍റെ കൈയില്‍ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചുതന്നുവെന്നും തനുശ്രീ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. അഭിനയം പൂര്‍ത്തിയാക്കുംമുന്‍പ് പിന്മാറിയ ചിത്രത്തിന് വാങ്ങിയ അഡ്വാന്‍സ് തിരിച്ചുകൊടുത്തതിന് പിന്നാലെ രാജ് താക്കറെയുടെ എംഎന്‍എസ് പാര്‍ട്ടിയില്‍ നിന്നുള്ള ഗുണ്ടകളെ വരുത്തി തന്നെ ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചിരുന്നു. നാന പടേക്കര്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തം മോശം പ്രവര്‍ത്തികള്‍ക്ക് മറയാക്കാന്‍ അദ്ദേഹം ചെയ്യുന്നതാണെന്നും തനുശ്രീ ആരോപിച്ചു. ഇതിന് പിന്നാലെ പടേക്കറിനെതിരേ കേസും ഫയല്‍ ചെയ്യുകയായിരുന്നു.