Asianet News MalayalamAsianet News Malayalam

നായകൻമാര്‍ അംഗീകരിക്കാത്തതിനാല്‍ സിനിമയില്‍ നിന്ന് മാറ്റപ്പെട്ടിട്ടുണ്ട്; തപ്‍സി പറയുന്നു

 മുഖത്ത് ഒരു ചെറിയ പുഞ്ചിരിയും കണ്ണുകളില്‍ നനവുമായേ നിങ്ങള്‍ക്ക് സിനിമ കണ്ടിറങ്ങാനാകൂയെന്ന് സാൻഡ് കി ആങ്കിനെ കുറിച്ച് തപ്‍സി.

 

Tapsi I have been replaced from films where heroes didnt approve of me
Author
Mumbai, First Published Oct 25, 2019, 5:17 PM IST

തപ്‍സി നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സാൻഡ് കി ആങ്ക്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പ്രായക്കൂടുതലുള്ള ചന്ദ്രോ എന്ന ഷാര്‍പ് ഷൂട്ടറായിട്ടാണ് സാൻഡ് കി ആങ്കില്‍ തപ്‍സി അഭിനയിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായ പ്രകാശി എന്ന ഷാര്‍പ് ഷൂട്ടറായി അഭിനയിക്കുന്നത് ഭൂമി പെഡ്‍നേക്കറാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ് തപ്‍സി ഇന്ത്യൻ എക്സപ്രസിന് നല്‍കിയ അഭിമുഖത്തില്‍.

ചിത്രം ദിപാവലിക്ക് പ്രദര്‍ശനത്തിന് എത്തിയത് വളരെ പ്രത്യേകതയുള്ളതായിട്ടാണ് എനിക്ക് തോന്നുന്നത്. ലക്ഷ്‍മി ദേവിയെ ആരാധിക്കുന്ന ദിപാവലി ആഘോഷത്തില്‍ സിനിമയിലും ദൈവത്വമുള്ള സ്‍ത്രീകളുടെ കഥയാണ് പറയുന്നത്. സിനിമ ഇഷ്‍ടപ്പെട്ടിട്ടില്ലെങ്കില്‍ വിമര്‍ശിക്കാം.  പക്ഷേ ഒരവസരം നല്‍കണം. മുഖത്ത് ഒരു ചെറിയ പുഞ്ചിരിയും കണ്ണുകളില്‍ നനവുമായേ നിങ്ങള്‍ക്ക് സിനിമ കണ്ടിറങ്ങാനാകൂ- തപ്‍സി പറയുന്നു. അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ സിനിമ രംഗത്ത് വലിയ മാറ്റമാണ് വന്നിരിക്കുന്നത്. എന്നെയും ഒരു സിനിമയുടെ ഭാഗമാക്കണമെങ്കില്‍ നായകന്റെ കാരുണ്യം കാത്തുനില്‍ക്കണമായിരുന്നു മുമ്പ്. ഇന്ന് അങ്ങനെയല്ല. ആദ്യം എന്നെയാണ് സിനിമയില്‍ കാസ്റ്റ് ചെയ്‍തത്.  രണ്ട് സ്‍ത്രീകളുടെ കഥ പറയുന്ന സിനിമ ആയതിനാല്‍ സാൻഡ് കി ആങ്കിന്റെ പ്രവര്‍ത്തകര്‍ എന്നെയാണ് ആദ്യം സമീപിച്ചത്. അങ്ങനെയൊരു മാറ്റമില്ലേ. ജോലിയുമായി ബന്ധപ്പെട്ടല്ല, മറ്റ് ചില കാരണങ്ങളാല്‍ നായകൻമാര്‍ സമ്മതിക്കാത്തതിനാല്‍ എന്നെയും മറ്റ് ചിലരെയോ മാറ്റിയോ സന്ദര്‍ഭങ്ങളുള്ള സാഹചര്യങ്ങളില്‍ നിന്നാണ് ഇങ്ങനെ ഒരു മാറ്റം വരുന്നത്. പ്രതിഫലം സിനിമയുടെ വിജയം സംബന്ധിച്ചും കൂടിയുള്ളതാണ് എന്നത് ശരിയാണ്. ഇപ്പോഴും പ്രതിഫലം നായകൻമാരേക്കാള്‍ കുറവാണെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഞാൻ അതിന്റെ പോസറ്റീവ് വശങ്ങളെയാണ് കാണുന്നത്. ബോക്സ് ഓഫീസ് കളക്ഷൻ നായകൻമാരുടേതിനപ്പോലെയാകുമ്പോള്‍ എന്റെ വരുമാനവും മാറും. എന്തായാലും ശരിയായ ദിശയിലാണ് കാര്യങ്ങള്‍- തപ്‍സി ഇന്ത്യൻ എക്സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.  രണ്ട് നായികമാര്‍ തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ അഭിനയിക്കണമെന്ന ആഗ്രഹമുള്ളതു കൊണ്ടുകൂടിയാണ് സാൻഡ് കി ആങ്ക് സ്വീകരിച്ചതെന്ന് തപ്‍സി മുമ്പ് പറഞ്ഞിരുന്നു.

ഭൂമിയും ഞാനും തിരക്കഥയിലും ഞങ്ങളുടെ കഥാപാത്രങ്ങളിലും വിശ്വസിച്ചു, അതിനാല്‍ ഒരു അരക്ഷിതാവസ്‍ഥയും തോന്നിയില്ല- തപ്‍സി പറയുന്നു. സംവിധായകൻ എന്നോട് കഥ പറഞ്ഞപ്പോള്‍ ഞാൻ പല തവണ കരഞ്ഞുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ, ഞാൻ സിനിമ ചെയ്യാമെന്ന് പറഞ്ഞു. കാരണം ചന്ദ്രോയും പ്രകാശിയും വലിയ നായികമാരാണ്. രാജ്യം മൊത്തം അവരെ കാണുന്നു- തപ്‍സി പറഞ്ഞിരുന്നു.

എന്നെ സംബന്ധിച്ച് മറ്റൊരു വൈകാരിക കാര്യം കൂടിയുണ്ടായിരുന്നു സിനിമ ചെയ്യാൻ. സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് എന്റെ അമ്മയെ കുറിച്ചും ചിന്തിക്കാതിരിക്കാനായില്ല. വിവാഹത്തിനു മുമ്പ് മാതാപിതാക്കളുടെയും വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് ജീവിക്കേണ്ടി വന്ന സ്‍ത്രീകള്‍ക്ക് വേണ്ടിയുള്ളതുമാണ് ഞങ്ങളുടെ സിനിമ. കുട്ടികള്‍ ആയതിനു ശേഷം അവര്‍ കുട്ടികള്‍ക്ക് വേണ്ടി ജീവിക്കുന്നു, ഒരിക്കലും അവര്‍ അവര്‍ക്ക് വേണ്ടി ജീവിക്കുന്നില്ല. എന്റെ അമ്മയ്‍ക്ക് അറുപത് വയസ്സായി. ഇപ്പോഴെങ്കിലും എനിക്ക് അവരോട് പറയാൻ ഒരു കാരണം വേണം, അവര്‍ ആഗ്രഹിക്കുന്ന ജീവിതം നയിക്കൂവെന്ന് പറയാൻ. എന്റെ അമ്മയ്ക്കാണ് സിനിമ സമര്‍പ്പിക്കുന്നത്. എന്റെ കുട്ടികളെ അഭിമാനപൂര്‍വം ഞാൻ സിനിമ കാണിക്കും- തപ്‍സി പറഞ്ഞിരുന്നു. നായിക കേന്ദ്രീകൃതമായ ഒരു സിനിമ ദീപാവലിക്ക് റിലീസ് ചെയ്യുന്നത് ആദ്യമായാണ് എന്ന് കരുതുന്നു. ദീപാവലിക്ക് ലക്ഷ്‍മി ദേവിയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നു. കുടുംബത്തോടൊപ്പം  ദീപാവലിക്ക് കാണാവുന്ന ഒരു സിനിമയായിരിക്കും ഞങ്ങളുടേത്- തപ്‍സി പറഞ്ഞിരുന്നു.

സാൻഡ് കി ആങ്കില്‍ അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം നേരത്തെ തന്നെ തപ്‍സിയും ഭൂമിയും പങ്കുവച്ചിരുന്നു. സമൂഹത്തിലെ പരമ്പരാഗത രീതികള്‍ക്ക് എതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്‍ത്രീകളെയാണ് ട്രെയിലറില്‍ കാണിച്ചിരുന്നത്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം  ഒരുക്കിയിരിക്കുന്നത്. പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിന്റെ കൌതുകവും നേരത്ത തപ്‍സി പറഞ്ഞിരുന്നു.

വളരെ വ്യത്യസ്‍തമായ ഒരു കാര്യം ഞാൻ ആലോചിക്കുകയാണ്. ഞാൻ 30 വയസ്സുള്ള ഒരു കോളേജ് വിദ്യാര്‍ഥിനിയായി എത്തിയാല്‍ ആരും ചോദിക്കില്ല. വലിയ താരങ്ങള്‍ പോലും കോളേജ് പ്രായത്തിലെ കഥാപാത്രങ്ങളായാല്‍ ആരും ഒന്നും ചോദിക്കില്ല. ഒന്നും പ്രത്യേകിച്ച് തോന്നില്ല, ആര്‍ക്കും- പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിനെ കുറിച്ച് തപ്‍സി പറഞ്ഞിരുന്നു.

രണ്ട് നടിമാര്‍ അവരുടെ കരിയറിന്റെ പ്രധാന ഘട്ടത്തില്‍ ഇരട്ടിപ്രായമുള്ള കഥാപാത്രമായി എത്തുന്നത് അപരിചിതമാണ്. സാധാരണ ഇന്ന് എല്ലാ നടിമാരും പ്രായം കുറവുള്ള കഥാപാത്രമാണ് ചെയ്യാൻ ശ്രമിക്കാറുള്ളത് ഞങ്ങള്‍ ഇരട്ടിപ്രായമുള്ള കഥാപാത്രത്തെയാണ് തെരഞ്ഞെടുത്തത്. അത് അഭിനന്ദിക്കുന്നതിനു പകരം ആള്‍ക്കാര്‍ അതിലെ പ്രശ്‍നങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുകയാണ്- തപ്‍സി പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios