തെലുങ്ക് നടനും നിര്‍മ്മാതാവുമായി നിധിന്‍ റെഡ്ഡി വിവാഹിതനാവുന്നു. ശാലിനി കണ്ഡുകുരിയാണ് വധു. ഇരുവരുടേതും പ്രണയ വിവാഹമാണ്. എട്ട് വര്‍ഷമായി പരസ്‍പരം അറിയാവുന്നവരാണ് നിധിനും ശാലിനിയും. 26ന് ഹൈദരാബാദിലെ താജ് ഫാലക്നമ പാലസ് ഹോട്ടലില്‍ വച്ചാണ് വിവാഹം. വിവാഹ നിശ്ചയ ചടങ്ങ് വരന്‍റെ ഹൈദരാബാദിലെ വീട്ടില്‍ ഇന്ന് നടന്നു. ചടങ്ങില്‍ നിന്നുള്ള മോതിരംമാറല്‍ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ നിധിന്‍ തന്നെ പങ്കുവച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാവും വിവാഹച്ചടങ്ങുകളെന്ന് നിധിന്‍റെ കുടുംബം നേരത്തെ അറിയിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിനു ക്ഷണിച്ചിരിക്കുന്നത്. പവന്‍ കല്യാണ്‍, ത്രിവിക്രം ശ്രീനിവാസ്, വരുണ്‍ തേജ് തുടങ്ങിയവരൊക്കെ വിവാഹത്തിന് എത്തുമെന്ന് കരുതപ്പെടുന്നു. ഏപ്രില്‍ 15ന് നടക്കേണ്ടിയിരുന്ന വിവാഹം കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. തെലുങ്ക് സിനിമയിലെ അറിയപ്പെടുന്ന നിര്‍മ്മാതാവും വിതരണക്കാരനുമായ സുധാകര്‍ റെഡ്ഡിയുടെ മകനാണ് നിധിന്‍ റെഡ്ഡി.