തെലുങ്കിലെ ശ്രദ്ധേയ നടൻ വേണു മാധവ് അന്തരിച്ചു. 39 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തെലുങ്ക് ദേശം പാര്‍ട്ടിയുടെ അംഗം കൂടിയാണ് വേണു മാധവ്.

സുര്യാപേട് ജില്ലയിലാണ് വേണു മാധവന്റെ ജനനം. തെലുങ്ക് ദേശം പാര്‍ട്ടിയുടെ പ്രവര്‍ത്തകനുമായ വേണു മാധവ് 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സമ്പ്രദായം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അദ്ദേഹത്തിന്റ ആദ്യ ചിത്രം കൂടിയാണ് അത്. പിന്നീട് തെലുങ്കിലും തമിഴിലും നിരവധി സിനിമകളില്‍ വേഷമിട്ടു. സിംഹാദ്രി, യുവരാജ്, ദില്‍, സംക്രാന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. സമീപ തെരഞ്ഞെടുപ്പുകളില് തെലുങ്ക് ദേശം പാര്‍ട്ടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.  വേണു മാധവന്റെ വിയോഗത്തില്‍ സിനിമാ- രാഷ്‍ട്രീയ മേഖലയിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വേണു മാധവന്റെ അകാലവിയോഗം വലിയ ദു:ഖത്തോടെയാണ് കേട്ടതെന്നും കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും സെയ് റാ നരസിംഹ റെഡ്ഡിയുടെ സംവിധായകൻ സുരേന്ദര്‍ റെഡ്ഡി പറഞ്ഞു.  നിര്‍ഭാഗ്യകരം, എന്തു മികച്ച നടനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെ. ബ്രഹ്‍മാജി പറയുന്നു. തെലുങ്ക് സിനിമയ്‍ക്ക് വേണ്ടി നന്ദി പറയുന്നു. കുടുംബത്തിനോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നു- വരുണ്‍ തേജ് പറയുന്നു. വേണു മാധവിന്റെ വിയോഗത്തില്‍ അനുശോചനം, അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും- രാഹുല്‍ രവിന്ദ്രൻ പറയുന്നു.