'ടെര്‍മിനേറ്റര്‍' ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം 'ടെര്‍മിനേറ്റര്‍ ഡാര്‍ക് ഫെയ്റ്റി'ന്‍റെ ഇന്ത്യന്‍ ടെലിവിഷന്‍ പ്രീമിയര്‍ ഞായറാഴ്ച (18). സ്റ്റാര്‍ മൂവീസിലാണ് പ്രദര്‍ശനം. ഉച്ചയ്ക്ക് 12നും രാത്രി ഒന്‍പതിനുമായി രണ്ട് പ്രദര്‍ശനങ്ങളാണ് പ്രീമിയര്‍ ദിനത്തില്‍ ഉള്ളത്. 

'ദി ടെര്‍മിനേറ്റര്‍' എന്ന ചിത്രത്തോടെ 1984ല്‍ ആരംഭിച്ച ഫ്രാഞ്ചൈസിയുടെ ഭാഗമായി എത്തുന്ന ആറാമത് ചിത്രമാണ് ഡാര്‍ക് ഫെയ്റ്റ്. 'ടെര്‍മിനേറ്റര്‍ 2: ജഡ്ജ്‍മെന്‍റ് ഡേ' (1991), 'ടെര്‍മിനേറ്റര്‍ 3: റൈസ് ഓഫ് ദി മെഷീന്‍സ്' (2003), 'ടെര്‍മിനേറ്റര്‍ സാല്‍വേഷന്‍' (2009), 'ടെര്‍മിനേറ്റര്‍ ജെനിസിസ്' (2015) എന്നിവയാണ് മുന്‍പ് എത്തിയ ഭാഗങ്ങള്‍.

 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ആഗോള റിലീസിന് എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടിം മില്ലര്‍ ആണ്. നിര്‍മ്മാണ പങ്കാളി എന്നതിനു പുറമെ ചിത്രത്തിന്‍റെ കഥാരചനയിലും ജെയിംസ് കാമറൂണിന് പങ്കാളിത്തമുണ്ട്. അര്‍നോള്‍ഡ് ഷ്വാര്‍സ്‍നെഗറും ലിന്‍ഡ ഹാമില്‍ട്ടണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ മക്കെന്‍സി ഡേവിസ്, നതാലിയ റെയ്‌സ്, ഗബ്രിയേല്‍ ലൂണ, ഡീഗോ ബൊനെറ്റ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ആറ് സിനിമകളിലൂടെ 35 വര്‍ഷം പിന്നിട്ട ടെര്‍മിനേറ്റര്‍ ഫ്രാഞ്ചൈസി ആരാധകര്‍ക്കിടയില്‍ ഒരു പ്രത്യേക ആരാധനാരീതി വളര്‍ത്തിയെടുത്തിട്ടുണ്ട്. മികച്ച വിഷ്വല്‍ എഫക്റ്റുകള്‍ ഉള്ള ഈ ചിത്രം പ്രേക്ഷകര്‍ക്ക് നൊസ്റ്റാള്‍ജിയയുടെ ആവേശം പകരുന്ന ഒന്നാണ്.