ബെംഗളുരു: ഡിസ്കവറി ചാനലിലെ മാന്‍ വിത്ത് വൈല്‍ഡ് എന്ന ടിവി ഷോയ്ക്ക് ലോകമെമ്പാടും പ്രേക്ഷകരുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് ഷോ ചെയ്ത ബിയര്‍ ഗ്രില്‍സ് ഇത്തവണ കൂട്ടുതേടിയിരിക്കുന്നത് സുപ്പര്‍ സ്റ്റാര്‍ രജനികാന്തിനെയാണ്. 

എന്‍റെ ഷോയില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന രണ്ടാമത്തെയാളാണ് രജനികാന്തെന്ന് ഗ്രില്‍സ് പറയുന്നുണ്ട്. ഓഗസ്റ്റിലാണ് മോദിയ്ക്കൊപ്പം പരിപാടി അവതരിപ്പിച്ചത്. ഇതോടെ 360 കോടി ആളുകളിലേക്ക് ഷോ എത്തിയെന്നും അത് ചരിത്രമാണെന്നും ഗ്രില്‍സ് വ്യക്തമാക്കുന്നുണ്ട്. 

''ടെലിവിഷന്‍ ചരിത്രം തന്നെയായി മാറിയ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഷോയ്ക്ക് ശേഷം, അടുത്തതായി സുപ്പര്‍ സ്റ്റാര്‍ രജനികാന്ത് എനിക്കൊപ്പം ചേരുന്നു...'' ഗ്രില്‍സ് ട്വീറ്റ് ചെയ്തു. 

കര്‍ണാടകയിലെ മൈസൂരുവിലെ കാടുകളിലാണ് ഷോ ചിത്രീകരിച്ചത്. ഷോക്കിടെ തനിക്ക് ചെറിയ ചതവുകള്‍ പറ്റിയെന്ന് രജനികാന്ത് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

''മാന്‍ വൈസ് വൈല്‍ഡിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി. മുറിവുകളൊന്നും പറ്റിയിട്ടില്ല. എന്നാല്‍ ചെറിയ മുള്ളുകള്‍ കൊണ്ട് പോറലുകള്‍ വീണിട്ടുണ്ട്. എനിക്ക് കുഴപ്പമൊന്നുമില്ല'' - രജനികാന്ത് പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു ചിത്രീകരണം.