കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങള്‍ തിയറ്ററുകള്‍ അടച്ചിട്ടിരുന്ന ചലച്ചിത്ര വ്യവസായത്തിന് ജീവശ്വാസം പോലെയായിരുന്നു വിജയ് ചിത്രം 'മാസ്റ്റര്‍'. തമിഴ്നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ തിയറ്ററുകളിലേക്ക് കാണികളെ തിരിച്ചെത്തിക്കുന്നതില്‍ വിജയ് ചിത്രം വിജയിച്ചു. പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളിലെത്തിയ മാസ്റ്റര്‍ രണ്ടാംവാരം പിന്നിടുമ്പോള്‍ കുടുംബപ്രേക്ഷകരാണ് കൂടുതല്‍. ഇപ്പോഴിതാ വിജയ്‍യുടെ അടുത്ത ചിത്രത്തെക്കുറിച്ചും ഒരു അപ്‍ഡേറ്റ് വരുന്നു. 

വിജയ്‍യുടെ 65-ാം ചിത്രമായി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് 'കോലമാവ് കോകില' ഫെയിം നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. ഡിസംബറിലായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷത്തെ പൊങ്കല്‍ റിലീസ് ആയിരിക്കുമെന്നാണ് കോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ചിത്രീകരണം ഏപ്രിലില്‍ തുടങ്ങി ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് അണിയറക്കാരുടെ പദ്ധതിയെന്ന് അറിയുന്നു.

രജനീകാന്ത് നായകനാവുന്ന 'അണ്ണാത്തെ'യ്ക്കുശേഷം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രമായിരിക്കും ഇത്. ശിവകാര്‍ത്തികേയന്‍ നായകനാവുന്ന 'ഡോക്ടറി'നു ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രവുമായിരിക്കും ഇത്. അനിരുദ്ധ് തന്നെയാവും സംഗീത സംവിധാനം. താരനിര്‍ണ്ണയം പുരോഗമിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, അരുണ്‍ വിജയ്, പൂവൈയ്യാര്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രോജക്ട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ ഉണ്ടാവുമെന്ന് കരുതുന്നു.