ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'മാസ്റ്റര്‍' അടക്കം മിക്ക വിജയ് ചിത്രങ്ങളുടെയും തെലുങ്ക് മൊഴിമാറ്റ പതിപ്പുകളും ഒരേസമയം തിയറ്ററുകളില്‍ എത്താറുണ്ട്. ആന്ധ്രയിലും തെലങ്കാനയിലും വലിയ പ്രേക്ഷകപ്രീതിയുള്ള വിജയ‍്‍യുടെ ചിത്രങ്ങള്‍ അവിടെ വന്‍ വിജയം നേടാറുമുണ്ട്. എന്നാല്‍ മൊഴിമാറ്റം അല്ലാതെ ഒരു തെലുങ്ക് ചിത്രത്തില്‍ വിജയ് ഇതുവരെ അഭിനയിച്ചിട്ടില്ല. എന്നാല്‍ അതില്‍ ഒരു മാറ്റത്തിനൊരുങ്ങുകയാണ് അദ്ദേഹം. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍റെ അടുത്ത ചിത്രത്തിലൂടെയാണ് അത്. തെലുങ്ക്-തമിഴ് ബൈലിംഗ്വല്‍ ആയിരിക്കും ചിത്രം.

മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയുടെ പുതിയ ചിത്രത്തിലാണ് വിജയ് അഭിനയിക്കുക. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമായ ഇത് നിര്‍മ്മിക്കുന്നത് പ്രശസ്‍ത നിര്‍മ്മാതാവായ ദില്‍ രാജു ആയിരിക്കും. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ട്വിറ്ററിലൂടെ വിവരം സ്ഥിരീകരിച്ചതോടെ #Thalapathy66 എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്. എന്നാല്‍ പ്രോജക്റ്റിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ എത്തിയിട്ടില്ല. വിജയ്‍യുടെ പിറന്നാളായ ജൂണ്‍ 22ന് ഈ പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.

 

അതേസമയം മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. കോലമാവ് കോകില, ഡോക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നെല്‍സണ്‍ ഒരുക്കുന്ന ചിത്രമാണിത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തിന്‍റെ ജോര്‍ജ്ജിയയിലെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചിരുന്നു. കൊവിഡ് ആദ്യതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു വിജയ് നായകനായ മാസ്റ്റര്‍. പോസ്റ്റ് തിയട്രിക്കല്‍ റിലീസ് ആയി ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമിലും ചിത്രം എത്തിയിരുന്നു.