നവംബര്‍ 1 ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലെ വിജയ്‍യുടെ പ്രസംഗം മുഴുവന്‍ രൂപത്തില്‍, വീഡിയോ
അന്തര്‍മുഖത്വമുള്ള വ്യക്തിത്വമെന്നാണ് ഒപ്പമഭിനയിച്ചവരില്‍ പലരും വിജയ്‍യെക്കുറിച്ച് പലപ്പോഴായി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഒരു പൊതുവേദിയില്‍ മൈക്കിന് മുന്നില്‍ നില്‍ക്കുന്ന വിജയ് ബഹിര്‍മുഖനാണ്. പ്രേക്ഷകരുമായി ബിഗ് സ്ക്രീനില്‍ ഉണ്ടാക്കുന്ന അതേ കണക്ഷന്‍ ആയിരങ്ങളുമായി നേരില്‍ സംവദിക്കുമ്പോഴും വിജയ് അനായാസം സൃഷ്ടിക്കാറുണ്ട്. മുന്‍പ് പല സിനിമകളുടെയും പ്രൊമോഷന്‍ വേദികളില്‍ വിജയ് നടത്തിയ പ്രസംഗങ്ങള്‍ അതിന്‍റെ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്നു. പുതിയ ചിത്രം ലിയോയുടെ ഓഡിയോ ലോഞ്ച് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുടെ അനുമതി നിഷേധത്താല്‍ റദ്ദാക്കപ്പെട്ടിരുന്നു. എന്നാല്‍ വിജയ് ആരാധകര്‍ക്ക് നഷ്ടപ്പെട്ട ആ അവസരം ചിത്രത്തിന്‍റെ വിജയാഘോഷ വേദിയിലൂടെ നടന്നു. ഏവരും കാത്തിരുന്ന അതേപ്രഭാവത്തില്‍ എത്തി വാക്കിലൂടെ ജനത്തെ ഇളക്കിയാണ് വിജയ് മടങ്ങിയത്.
നവംബര്‍ 1 ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലെ വിജയ്‍യുടെ പല അഭിപ്രായപ്രകടനങ്ങളും അന്നുതന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആരാധകര്‍ പ്രതീക്ഷിക്കുന്നതുപോലെ വിജയ് രാഷ്ട്രീയത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഏവരും ഈ പരിപാടിയില്‍ കാത്തിരുന്നത്. നേരിട്ട് പ്രതികരിച്ചില്ലെങ്കിലും അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അത് ഉണ്ടാവും എന്നാണ് വിജയ് നല്‍കിയ സൂചന. 28 മിനിറ്റ് നീണ്ടുനിന്ന മനോഹരമായ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. എപ്പോഴും ഉണ്ടാവാറുള്ളതുപോലെ എന്‍ നെഞ്ചില്‍ കുടിയിരുക്കും എന്ന അഭിസംബോധനയോടെ ആരാധകരോട് സംസാരിച്ച് തുടങ്ങുന്ന വിജയ് സമീപകാലത്ത് താനുമായി ചേര്‍ത്ത് ഉണ്ടായ ചര്‍ച്ചകളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമെല്ലാം മനോഹരമായ ഭാഷയില്‍ വേദിയില്‍ സംസാരിക്കുന്നുണ്ട്. ലോകേഷ് കനകരാജ്, തൃഷ, അര്‍ജുന്‍, ഗൗതം മേനോന്‍ അടക്കമുള്ള ലിയോ ടീം മുഴുവന്‍ പരിപാടിക്ക് എത്തിയിരുന്നു.

